19 വെടിയുണ്ടകളും നിരായുധയായ ഒരു സ്ത്രീയും! - റിമയ്ക്കും പറയാനുണ്ട്...

കരുളായി വനത്തിൽ നടന്നത് 'എൻകൗണ്ടർ'?

aparna shaji| Last Modified ചൊവ്വ, 29 നവം‌ബര്‍ 2016 (16:54 IST)
നിലമ്പൂരിൽ മാവോവാദികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. കൊല്ലപ്പെട്ട അജിതയുടെ ചിത്രമാണ് റിമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 19 വെടിയുണ്ടകളും നിരായുധയായ ഒരി സ്ത്രീയും എന്നായിരുന്നു ചിത്രത്തിന് റിമ നൽകിയ അടിക്കുറിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് സംവിധായകൻ ഡോ. ബിജു നടത്തിയ പരാമർശത്തിന് ശേഷമാണ് റിമ പ്രതികരണവുമായി എത്തി‌യത്.

ഡോ. ബിജു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കാട് പൂക്കുന്ന നേരം സമാനമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അവർ തീവ്രവാദികളായിരുന്നില്ല. അവർ രാഷ്ട്രീയ പ്രവർത്തകർ ആയിരുന്നു, എന്നാണ് ഡോ ബിജു സംഭവത്തോട് പ്രതികരിച്ചത്. വെടിവെയ്പ്പ് വ്യാജമാണെന്ന് വാർത്തകൾ വന്നതോടെ അന്വേഷണക്കാര്യത്തിലും കൂടുതൽ ഉത്തരവാദിത്വം സർക്കാർ കാണിച്ചു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അവർ തീവ്രവാദികളായിരുന്നില്ല. അവർ രാഷ്ട്രീയ പ്രവർത്തകർ ആയിരുന്നു. ഒരുപക്ഷെ അടിസ്ഥാന ജന വിഭാഗങ്ങളോട് നിങ്ങളിൽ പലർക്കുമില്ലാത്തത്ര ആത്മാർത്ഥതയോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ. ആശയങ്ങളെ നേരിടേണ്ടത് കൊന്നൊടുക്കിയല്ല. അങ്ങനെയായിരുന്നെങ്കിൽ ഇന്ന് ഭരിക്കുന്ന പാർട്ടിയെയും ഒരു കാലത്ത് നിരോധിച്ചിരുന്നതായിരുന്നു എന്ന് ഓർക്കണം. ഇന്നത്തെ നേതാക്കളിൽ പലരും ഒളിവു ജീവിതം നയിച്ചിരുന്നവരാണ് എന്ന് ഓർക്കണം. അന്ന് ഭരണ കൂടം അവരെയൊക്കെ "എൻകൗണ്ടർ " നടത്തി ഓടിച്ചിട്ട് പിന്നിൽ നിന്ന് വെടി വെച്ച് കൊന്നു കളഞ്ഞിരുന്നുവെങ്കിൽ പിൽക്കാലത്ത് കേരളം ഭരിക്കാൻ പല നേതാക്കളും ഉണ്ടാകുമായിരുന്നില്ല. ഓർമ്മകൾ ഉണ്ടായിരിക്കണം.

അവരെ കൊന്നതിന് ശേഷം ആ പോലീസ് മേധാവി മാധ്യമങ്ങളുടെ മുന്നിൽ ചിരിച്ച ആ ചിരിയുണ്ടല്ലോ ആ ചിരി കേരളം കണ്ട ഏറ്റവും വലിയ ഒരു രാഷ്ട്രീയ അശ്ലീലമാണ്. പുരോഗമന വിപ്ലവ പ്രസ്ഥാനം എന്ന് കരുതുന്ന ഒരു പാർട്ടിയുടെ ഭരണാധിപന്മാരുടെ ഇപ്പോഴത്തെ നിശബ്ദതയുണ്ടല്ലോ അത് സമകാലിക ജനാധിപത്യ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രാഷ്ട്രീയമായ ദുരന്തമാണ്. കാട് ചോര പൂവുകൾ കൊണ്ട് പൂത്തു കൊണ്ടിരിക്കുകയാണ്. അതിനെ നേരിടേണ്ടത് മനുഷ്യനെ കൊന്നൊടുക്കിയല്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :