ഒടുവിലിന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന വാര്‍ത്ത തെറ്റ്

പാലക്കാട്| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (13:32 IST)
അന്തരിച്ച നടന്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് ഭാര്യ പത്മജ. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തയില്‍ യാതൊരു സത്യാവസ്ഥയും ഇല്ല. മൂത്തമകളുമായി സംസാരിച്ച ചാനല്‍പ്രതിനിധി കാര്യങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും അവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

സിനിമയില്‍ നിന്ന് വലിയ സമ്പത്തൊന്നും ഉണ്ടാക്കിയില്ലെങ്കിലും കുടുംബത്തിന് മാന്യമായി ജീവിക്കാനുള്ള പണം ഭര്‍ത്താവ് കലയിലൂടെ സമ്പാദിച്ചിട്ടുണ്ട്. കേരളശേരിയില്‍ അദ്ദേഹം പണിത വീട്ടിലാണ് മൂത്തമകള്‍ പത്മിനി താമസിക്കുന്നത്. പത്മിനിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇളയ മകള്‍ ശാലിനി കുടുംബമൊത്ത് തൃശൂരില്‍ കഴിയുന്നു. പത്മജ കേരളശേരിയിലെ അങ്കരാത്ത് തറവാട്ടില്‍ അമ്മ പത്മിനി നേത്യാരുമൊത്താണ് താമസിക്കുന്നത്. മിലിട്ടറിയിലായിരുന്ന അച്ഛന്‍റെ പേരില്‍ അമ്മയ്ക്ക് 20,000 കുടുംബപെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും പത്മജ പറഞ്ഞു. കൂടാതെ രണ്ടേക്കര്‍ റബ്ബര്‍ തോട്ടവുമുണ്ട്.

ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ രോഗബാധിതനായിരുന്നപ്പോള്‍ സിനിമാരംഗത്തെ പലരും സഹായിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മരണശേഷം ആരോടും സഹായം അഭ്യര്‍ഥിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതിനാല്‍ത്തന്നെ സിനിമാരംഗത്തുള്ളവര്‍ സഹായിക്കുന്നില്ലെന്ന് പറയുന്നതും തെറ്റാണ്. ഒടുവില്‍ ഫൗണ്ടേഷന്‍ എല്ലാകാര്യങ്ങളിലും കുടുംബത്തോട് സഹകരിക്കുന്നുണ്ട്.

ഒടുവില്‍ എന്ന നടനെ സ്‌നേഹിക്കുന്ന ഒരുപാടുപേരെ ഈ വാര്‍ത്ത വേദനിപ്പിച്ചതായും അവരെയൊക്കെ യാഥാര്‍ഥ്യം അറിയിക്കേണ്ടതുണ്ടെന്നതിനാലാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും പത്മജ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :