''എനിക്ക് ജീവിക്കണം, വെറുതേ വിടൂ... അപേക്ഷയാണ്'' - മിശ്രവിവാഹം ചെയ്ത തങ്ങളെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പെൺകുട്ടി രംഗത്ത്

സ്നേഹിച്ചയാളെ വിവാഹം കഴിച്ചത് അത്ര തെറ്റാണോ? ''പ്രിയ എസ്ഡിപിഐക്കാരേ, നിങ്ങള്‍ക്കു ഞങ്ങളുടെ ജീവന്‍ ആണോ വേണ്ടത്'': തങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന് പെൺകുട്ടി

aparna shaji| Last Modified ബുധന്‍, 18 ജനുവരി 2017 (13:40 IST)
അന്യ മതസ്ഥനെ വിവാഹം ചെയ്ത യുവതിക്ക് മതമൗലികവാദികളുടെ ഭീഷണിയെ‌‌ന്ന് ആരോപണം.
കൊല്ലം പാലയ്ക്കല്‍ തേവലക്കര സ്വദേശിയായ ജാസ്മി ഇസ്മെയില്‍ ജാസ്മിയാണ് ഇതരമതസ്ഥനായ യുവാവിനെ പ്രണയിച്ചതിനും വിവാഹം ചെയ്തതിനും തന്നെയും ഭര്‍ത്താവിനെയും പിന്തുടരുകയും ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും കാട്ടി ഡിജിപിക്കുള്ള പരാതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ ജീവന്‍ ഇനി എത്ര നാള്‍ ഉണ്ടാകും എന്നറിയില്ല എന്നുപറഞ്ഞാണ് യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. യുവാവിനെ ഇഷ്ടമാണെന്ന് തുറന്നുപറഞ്ഞ ഉടന്‍ ഒരാള്‍ കമ്പിവടിയുമായി തല അടിച്ചു പൊട്ടിക്കാന്‍ വന്നു. അയാള്‍ തന്നെ ഇല്ലാതാക്കുമെന്ന് ഉറപ്പാണെന്നും യുവതി കുറിച്ചു. ഭീഷണിപ്പെടുത്തുന്നവര്‍ക്ക് തെക്കുംഭാഗം പൊലീസിന്റെ പിന്തുണയുണ്ടെന്നും യുവതി ആരോപിച്ചു.

ഡിജിപിയ്ക്ക് നല്‍കിയ പരാതി എന്ന നിലയില്‍ രണ്ടു പേജുള്ള ഒരു കത്തും ജസ്മി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മാതാപിതാക്കളില്‍നിന്ന് ജസ്മിയെ കാണാനില്ല എന്നൊരു പരാതി മാത്രമേ ലഭിച്ചിട്ടുള്ളുവെന്നാണ് പോലീസ് പറയുന്നത്. ഏതായാലും യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുടെ പ്രവാഹമാണ്. ചിലര്‍ ഉപദേശിക്കുമ്പോള്‍ മറ്റുചിലര്‍ മതപരമായി അധിക്ഷേപിക്കാനും മടിക്കുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :