കുരിശ് തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ല, ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കണം: എസ് രാജേന്ദ്രന്‍ എംഎല്‍എ

മൂന്നാറില്‍ നടക്കുന്നത് തെമ്മാടിത്തരമെന്ന് സിപിഐഎം

KK Jayachandran, CPI(M), Munnar Encroachment, S Rajendran MLA, Sriram Venkitaraman, ഇടുക്കി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കെ കെ ജയചന്ദ്രന്‍, മൂന്നാര്‍, സി പി എം
ഇടുക്കി| സജിത്ത്| Last Modified വ്യാഴം, 20 ഏപ്രില്‍ 2017 (11:32 IST)
മൂന്നാറില്‍ ഇന്നുരാവിലെ മുതല്‍ തുടങ്ങിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ സിപിഎം രംഗത്ത്. നിലവില്‍ മൂന്നാറില്‍ ശുദ്ധതെമ്മാടിത്തരമാണ് നടന്നുകൊണ്ടിരിക്കുന്നത്. നൂറില്പരം പൊലീസുകാരെ വിളിച്ചുകൊണ്ടുപോയി ഒഴിപ്പിക്കുന്നത് ശരിയായ നടപടിയല്ല. സബ്കളക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്നാണ് കരുതുന്നതെങ്കില്‍ അതു നടക്കാന്‍ പോകുന്നില്ലെന്ന് സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ വ്യക്തമാക്കി.

പാപ്പാത്തിമലയിലെ ഭീമന്‍ കുരിശ് പൊളിച്ചു നീക്കിയതിനെതിരെ സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്
രാജേന്ദ്രനും എതിര്‍പ്പുമായി രംഗത്തെത്തി. സബ്കളക്ടറും പൊലീസും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൈയേറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. അല്ലാതെ അതിനു പകരം കുരിശ് പൊളിക്കാന്‍ തയ്യാറാകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെയും എസ്. രാജേന്ദ്രന്‍ വിമര്‍ശിച്ചു. മൂന്നാറില്‍ യുദ്ധമൊന്നും നടക്കുന്നില്ലല്ലോ ഈ 144 പ്രഖ്യാപിക്കാനെന്നും അദ്ദേഹം ചോദിച്ചു.

കയ്യേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് മറ്റുളളവര്‍ അതില്‍ പ്രവേശിക്കുന്നത് വിലക്കിയാല്‍ മതി. കൈയേറ്റം ഒഴിപ്പിക്കുന്നത് സിപിഎം നിലപാടാണ്. കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതില്‍ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ട കാര്യമില്ല. അതില്‍ ഒരു പുകമറയുടേയും ആവശ്യവുമില്ല. സിനിമ പോലുളള സാഹചര്യമൊരുക്കി ഈ പൊളിക്കല്‍ എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്തരത്തിലുളള സമീപനം സ്വീകരിച്ചതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടെ പ്രാര്‍ത്ഥനയ്ക്ക് പോകുന്നതായിരുന്നു നിരോധിക്കേണ്ടത്. അതിന് പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുളള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുരിശ് തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാനാവില്ല. ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുളളവരെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :