മാവോയിസ്റ്റ് വധം; അന്വേഷണം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്ക്, ഉത്തരവിട്ട് പിണറായി വിജയന്‍

മാവോവാദി ഏറ്റുമുട്ടല്‍; മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് പിണറായി വിജയന്‍

നിലമ്പൂര്‍| aparna shaji| Last Modified ഞായര്‍, 27 നവം‌ബര്‍ 2016 (11:20 IST)
കഴിഞ്ഞദിവസം നിലമ്പൂര്‍ കരുളാ‍യി വനത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മാ‍വോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരത്തേ ഉത്തരവിട്ടിരുന്നു.

കരുളായി വനത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് ആരോപണം ഉയര്‍ന്നതിനെതുടര്‍ന്നാണ് പ്രത്യേക അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.ഐ അടക്കമുള്ള സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യമുന്നയിച്ചിരുന്നു. നേര്‍ക്കുനേരെ ഉണ്ടായ ആക്രമണമാണിതെന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം. ആദ്യം വെടിയുതിർത്തതു മാവോയിസ്റ്റുകളാണെന്നും തുടർന്നു പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണു 12 അംഗ മാവോയിസ്റ്റ് സംഘത്തിലെ 2 പേര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ വിശദീകരണം.

അതേസമയം, കൊല്ലപ്പെട്ട മാവോവാദികളുടെ ദേഹത്ത് വെടിയേറ്റതിന്റെ 26 മുറിവുകള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങളില്‍ നിന്ന് പന്ത്രണ്ട് വെടിയുണ്ടകള്‍ പുറത്തെടുത്തു. എറ്റവും കൂടുതല്‍ വെടിയേറ്റിരിക്കുന്നത് അജിതയ്ക്കാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. പത്തൊന്‍പതു വെടിയുണ്ടകളാണ് അജിതയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :