ഒന്നാം മാറാട് കേസിലെ 12 പ്രതികളെ വെറുതേ വിട്ടു

കൊച്ചി| VISHNU N L| Last Modified വെള്ളി, 27 നവം‌ബര്‍ 2015 (18:28 IST)
2002 ൽ നടന്ന മാറാട് ഒന്നാം കലാപത്തില്‍ തെക്കേപ്പുറത്ത് അബൂബക്കര്‍ (45) കൊല്ലപ്പെട്ട കേസിലെ 12 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. നാലാം പ്രതി തെക്കേത്തൊടി ഷാജി, പന്ത്രണ്ടാം പ്രതി ഈച്ചരന്റെ പുരയിൽ ശശി എന്നിവരുടെ ജീവപര്യന്തം കോടതി ശരിവച്ചു.

കേസിൽ ആകെയുണ്ടായിരുന്ന പതിനഞ്ച് പ്രതികളിൽ ഒരാളെ പ്രത്യേക കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. എട്ടാംപ്രതി കോരന്റകത്ത് വീട്ടില്‍ സുമേഷിനെയാണ് നേരത്തേ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നത്.മാറാട് സ്വദേശികളായ കോരന്റകത്ത് വീട്ടില്‍ വിപീഷ്, കേളപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍, തെക്കേത്തൊടി ബിജേഷ്, ആവത്താന്‍പുരയില്‍ പ്രഹ്ലാദന്‍, കേലപ്പന്റകത്ത് രാജേഷ്, അരയച്ചന്റകത്ത് മണികണ്ഠന്‍, മാറാട് അരയസമാജം മുന്‍സെക്രട്ടറി സുരേഷ്, ചോയിച്ചന്റകത്ത് രഞ്ജിത്ത്, ചോയിച്ചന്റകത്ത് കലേഷ്, ചെറിയപുരയില്‍ വിനോദ്, തെക്കേത്തൊടി വീട്ടില്‍ വിജിത്ത്, തെക്കേത്തൊടി ശ്രീധരന്‍ എന്നിവരെയാണ് വെറുതെ വിട്ടത്.

2002 ജനുവരിയിലാണ് അബൂബക്കർ കൊല്ലപ്പെട്ടത്. കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനസ് എന്നിവരുടെ മൃതദേഹങ്ങള്‍ കബറടക്കുന്നതിനായി പോകുന്നതിനിടെയാണ് പ്രതികള്‍ അബൂബക്കറെ കൊലപ്പെടുത്തിയത്. പോലീസുകാരുടെ മുന്നില്‍ വെച്ചാണ് കൃത്യം നടന്നത്.

ഒമ്പത് പ്രതികളെ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവിനും 28,000 രൂപവീതം പിഴയടയ്ക്കാനും നാലു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 18,000 രൂപവീതം പിഴയടയ്ക്കാനും ഒരാളെ മൂന്നുവര്‍ഷം കഠിനതടവിനും 18,000 രൂപ പിഴയടയ്ക്കാനുമായിരുന്നു പ്രത്യേക കോടതി ശിക്ഷിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :