കേരളം മാവോയിസ്‌റ്റുകളുടെ വിഹാര കേന്ദ്രമോ ?

  മാവോയിസ്‌റ്റുകള്‍ കേരളത്തിലേക്ക് എത്തുന്നത് നിസാര ആവശ്യത്തിനല്ല!
മലപ്പുറം| ജിയാന്‍ ഗോണ്‍സാലോസ്| Last Updated: വ്യാഴം, 24 നവം‌ബര്‍ 2016 (19:28 IST)
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടതോടെ വീണ്ടും ആശങ്കകള്‍ തലപൊക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മാവോയിസ്‌റ്റ് സാന്നിധ്യം ശക്തമാകുന്നു എന്ന വാര്‍ത്തകളെ സ്ഥിരീകരിക്കുന്ന സംഭവങ്ങളാണ് നിലമ്പൂരിലെ കരുളായി വനമേഖലയില്‍ ഉണ്ടായിരിക്കുന്നത്.

വാര്‍ത്തകള്‍ നിരവധി പ്രചരിച്ചിരുന്നുവെങ്കിലും നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്‌റ്റുകളുടെ സാന്നിധ്യം ആദ്യമായി കണ്ടത് 2013 ഫെബ്രുവരിയിലാണ്. പിന്നീട് പലതവണ പൊലീസും മാവോയിസ്‌റ്റുകളും നേര്‍ക്കുനേര്‍ വരുകയും വെടിയുതിര്‍ക്കുകയും ചെയ്‌തു. ഈ വർ‌ഷം ഫെബ്രുവരിയിലും നിലമ്പൂരിലെ കരുളായി ഉൾവനത്തിൽ മാവോയിസ്‌റ്റുകളും കമാൻഡോകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായതോടെ
രഹസ്യാന്വേഷണ വിഭാഗവും വിഷയത്തില്‍ കൂടുതല്‍ ജാഗ്രത കാണിച്ചു തുടങ്ങി.

വയനാട്ടിലേതടക്കമുള്ള ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്‌റ്റുകളുടെ പ്രവര്‍ത്തനമെന്ന് പകല്‍ പോലെ വ്യക്തമാണ്. മാവോവാദിനേതാവ് രൂപേഷും ഭാര്യ ഷൈനയും പൊലീസിന്റെ പിടിയിലായതോടെ പിന്നോട്ടായ മാവോയിസ്‌റ്റുകള്‍ വീണ്ടും സജീവമായിരിക്കുന്നു എന്നതിന്റെ തെളിവാണ് നിലമ്പൂരിലെ ഇന്നത്തെ സംഭവം.

20 വർഷമായി ഒളിവിൽ കഴിയുകയും മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ കപ്പു ദേവരാജ് ഇന്ന് കൊല്ലപ്പെട്ടവരിലെ പ്രമുഖനാണ്. രൂപേഷിന്റെ അഭാവത്തില്‍ സംഘത്തെ മൂന്നോട്ടു കൊണ്ടു പോകാന്‍ ഇയാള്‍ ആന്ധ്രായില്‍ നിന്ന് കേരളത്തിലേക്ക് എത്തിയതായിരുന്നുവെന്നും സൂചനകളുണ്ട്.

  മാവോയിസ്‌റ്റുകള്‍ കേരളത്തിലേക്ക് എത്തുന്നത് നിസാര ആവശ്യത്തിനല്ല!


പ്രത്യേക പൊലീസ് സംഘത്തിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും മുന്നില്‍ പല തവണ മാവോയിസ്‌റ്റ് സംഘം എത്തുകയും ഇരുവരും വെടിയുതിര്‍ക്കുകയും ചെയ്‌തിരുന്നു. സെപ്‌റ്റംബറില്‍ നിലമ്പൂര്‍ വനത്തില്‍വച്ച് സി പി ഐ (മാവോയിസ്‌റ്റ്) രൂപവത്‌കരണത്തിന്റെ 12മത് വാര്‍ഷികം ആഘോഷിക്കപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടിയുടെ നാടുകാണി ഏരിയാസമിതി കേരള, തമിഴ്‌നാട്, കര്‍ണാടക വനപ്രദേശത്തെ മുക്കവയലില്‍‌വച്ചാണ് പരിപാടി നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം മാവോയിസ്‌റ്റുകള്‍ പുറത്തുവിടുകയും ചെയ്‌തിരുന്നു.

ആദ്യ കാലങ്ങളില്‍ ആദിവാസി കോളനികളില്‍ എത്തിയിരുന്ന മാവോയിസ്‌റ്റുകളെ ഇവര്‍ക്കും ഭയമായിരുന്നു. എന്നാല്‍ ആദിവാസികള്‍ക്കായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ സാധിച്ചതോടെ കോളനികളില്‍ നിന്നുള്ള സഹായവും മാവോയിസ്‌റ്റുകള്‍ക്ക് ലഭിച്ചു. ഈ സാഹചര്യത്തില്‍ മാവോയിസ്‌റ്റുകള്‍ നേരിടുന്നതിന്റെ ഭാഗമായി കോളനികള്‍ നിരീക്ഷണത്തിലാക്കുകയും അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്‌തു നല്‍കുന്നതിലുമാണ് പൊലീസ് ശ്രദ്ധച്ചിരുന്നത്. ആ നീക്കം ഫലിച്ചതിന്റെ തെളിവ് കൂടിയാണ് നിലമ്പൂരില്‍ ഇന്ന് സംഭവിച്ചത്.

ആദിവാസി കോളനികള്‍ പുറത്തു നിന്നുള്ളവര്‍ എത്തുന്നതായും അഞ്ജാതരായിട്ടുള്ളവരെ ഉള്‍ക്കാട്ടില്‍ കാണാന്‍ കഴിഞ്ഞുവെന്നും പലരും പൊലീസിന് അറിവ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മാവോയിസ്‌റ്റുകള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയത്. സൈലറ്റ് വാലി മേഖലയിലേക്കും വയനാട്ടിലേക്കും തമിഴ്‌നാട്ടിലേക്കും എളുപ്പം കടക്കാമെന്ന പ്രദേശത്ത് നിന്നുമാണ് ഇന്ന് മൂന്നു പേരെയും പ്രത്യേക സംഘം കൊലപ്പെടുത്തിയത്. ഈ അതിര്‍ത്തി ഭാഗങ്ങളിലൂടെ ആരൊക്കെ സംസ്ഥനത്തേക്ക് കടന്നു വെന്നും ആരൊക്കെ പുറത്തേക്ക് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പോയി എന്നതും അന്വേഷണ സംഘത്തിന് ഉത്തരമില്ലാത്ത ചോദ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :