അതികായന്റെ പതനം

കോട്ടയം| VISHNU N L| Last Updated: തിങ്കള്‍, 9 നവം‌ബര്‍ 2015 (18:22 IST)
ബാര്‍ കോഴക്കേസില്‍ അഴിമതി ആരോപണ വിധേയനായതോടെ ധനമന്ത്രി( ഒരു പക്ഷെ ലേഖനം പുറത്തുവരുമ്പോള്‍ മുന്‍ ധനമന്ത്രി) കെ എം മാണി എന്ന അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞിരിക്കുന്നു. രാജിവയ്ക്കണം എന്ന് പറയാതെ പറഞ്ഞ് ഹൈക്കോടതി മാണിക്ക് മേലെ നിയമത്തിന്റെ വാള്‍ തൂക്കിയതോടെ കേരള രാഷ്ട്രീയം സമാനതകളില്ലാത്ത തരത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.

ഒന്നര വര്‍ഷം മുമ്പു വരെ കേരള രാഷ്ട്രീയത്തില്‍ തന്നെ ഏറ്റവും വിലപിടിപ്പുളള നേതാവായിരുന്നു കെ. എം. മാണി. ഒപ്പം നിര്‍ത്താന്‍ ഇരുമുന്നണികളും ചരടുവലികള്‍ നടത്തിയിരുന്ന നേതാവ്. പക്ഷേ ഇപ്പോഴും കോഴ വിവാദവും കോടതിവിധിയും അദ്ദേഹത്തിന്റെ പതനം അനിവാര്യമാക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും സംഭവബഹുലമായ ഒരധ്യായമാണ് ഏതാണ്ട് പൂര്‍ത്തിയാകുന്നത്. മുഖ്യമന്ത്രിയാകാന്‍ മോഹിച്ച് നടന്നിറങ്ങിയ മാണി തിരികെ വീട്ടില്‍ കയറുമ്പോള്‍ നാണക്കേടിന്റെ പടുകുഴിയില്‍ വീണ അവസ്ഥയിലായി.

ഏറ്റെടുത്ത വകുപ്പുകളിലെല്ലാം മുദ്ര പതിപ്പിച്ച ഭരണനിപുണന്‍. മാണി കൈകാര്യം ചെയ്യാത്ത വകുപ്പുകളില്ല. കാറും കോളും നിറഞ്ഞ കേരളത്തില്‍കെ രാഷ്ട്രീയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഇരട്ടിശക്തിയോടെ തിരിച്ചു വന്ന ചരിത്രമാണ് മാണിയുടേത്. എന്നാല്‍ ബിജു രമേശ് എന്ന ബാര്‍ മുതലാളി കുടം തുറന്നുവിട്ട കോഴവിവാദത്തില്‍ അടിയറവ് പറയേണ്ടി വന്നിരിക്കുന്നു.

1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണിയുടെ പേരില്‍ ഒരുപിടി റെക്കോര്‍ഡുകളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ മന്ത്രിസഭയില്‍ അംഗമായ ആള്‍, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ആള്‍, ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിരുന്ന നേതാവ് തുടങ്ങിയവ മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ പൊന്‍‌തൂവലുകളാണ്.

സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.

ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പന്ത്രണ്ട് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.

ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ കാലം നിയമസഭാഗം ഏറ്റവും കൂടുതൽ തവണ (12 തവണ) ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലാണ്‌.

പക്ഷേ, സുവണ നേട്ടങ്ങളുടെ നിറുകയില്‍ പാര്‍ട്ടിയും മാണിയും സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഇടിത്തീപ്പോലെ ബിജു രമേശ് എന്ന ബാര്‍ മുതലാളിയുടെ വെളിപ്പെടുത്തല്‍. ആരോപണം പിന്നീട് വിവാദമായി, രാഷ്ട്രീയ കെടുങ്കാറ്റായി മാണിയുടെ രാഷ്ട്രീയ മെയ് വഴക്കത്തിനും പിടിച്ചു നില്‍ക്കാനാകാത്തവിധം ആഞ്ഞടിച്ചു. ഇനി മാണി രാജിവയ്ക്കുകയല്ലാതെ ഒരു
വഴിയുമില്ലെന്ന് അദ്ദേഹവും പാര്‍ട്ടി വിശ്വസ്തരും തന്നെ തിരിച്ചറിയുന്നുണ്ടാകും. അത്രയും കടുത്തതാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.

മന്ത്രിപദത്തില്‍ നിന്ന് മാണി പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തന്റെ രാഷ്ട്രീയഭാവി തന്നെ അനിശ്ചിതത്വത്തിലാണ്. ഇപ്പോള്‍ രാഷ്ട്രീയ ജീവിതത്തിന്റെ സായന്തനത്തില്‍ കെ. എം. മാണിയെന്ന രാഷ്ട്രീയ അതികായനും വീഴുകയാണ്. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കാനും തിരിച്ചു വരാനും മാണിക്ക് കഴിയുമോ? അതിനുത്തരം നല്‍കേണ്ടത് വരും നാളുകളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :