നൗഷാദിന്റെ ഭാര്യയ്‌ക്ക് സര്‍ക്കാര്‍ ജോലി നല്‍കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉമ്മൻചാണ്ടി , മാൻ ഹോൾ ദുരന്തം , കോഴിക്കോട് , നൗഷാദ്
കോഴിക്കോട്| jibin| Last Modified വെള്ളി, 27 നവം‌ബര്‍ 2015 (12:55 IST)
കോഴിക്കോട് നഗരത്തിൽ മാൻ ഹോൾ ദുരന്തത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ നൗഷാദിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നൗഷാദിന്റെ ഭാര്യക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി നല്‍കും. ഇവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്‌തു നല്‍കുമെന്നും അദ്ദേഹം നൗഷാദിന്റെ വീട് സന്ദര്‍ശിച്ചശേഷം പറഞ്ഞു.

നൗഷാദിന്റെ കുടുംബം എന്തു ചോദിച്ചാലും സര്‍ക്കാര്‍ നല്‍കും. മറ്റുള്ളവരെ കരുതുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അത് ഔദാര്യമല്ല സമൂഹത്തിന്റെ കടമയാണ്. ഉപയോഗിക്കാതെ കിടക്കുന്ന കിണറുകളും മാന്‍ഹോളുകളും മറ്റും ശുദ്ധീകരിക്കുമ്പോള്‍ വളരെ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം അനന്തര നടപടിയെടുക്കും. മരിച്ച ആന്ധ്രാ സ്വദേശികളായ തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, സംഭവത്തില്‍ മൂന്നുപേർ കസ്റ്റഡിയിലായി. കരാർ കമ്പനിയായ ശ്രീരാം ഇപിസിയിലെ മൂന്ന് ജീവനക്കാരായ അസിസ്റ്റന്‍റ് മാനേജർ രഘുനാഥ റെഡ്ഢി, പ്രൊജക്ട് മാനേജർ സെൽവകുമാർ, സുരക്ഷാ ഓഫിസർ ലോലക് ആന്‍റണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന:പൂർവമല്ലാത്ത നരഹത്യക്കാണ് ഇവരുടെ പേരിൽ കേസെടുത്തിട്ടുള്ളത്. തൊഴിലാളികള്‍ക്ക് മതിയായ സുരുക്ഷ ഏര്‍പ്പെടുത്തിയില്ല. അപകട സാധ്യത മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചില്ല എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.

ഇന്നലെ മാൻ ഹോൾ വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളും രക്ഷിയ്ക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ആന്ധ്രാ സ്വദേശികളായ ഭാസ്‌കർ, നരസിംഹ എന്നിവരും ഇവരെ രക്ഷിയ്ക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ നൗഷാദുമാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :