പിണറായി സർക്കാർ ചെയ്തത് മാധ്യമങ്ങൾ കാണാതെ പോയി, നല്ല കാര്യ‌ത്തെ അവഗണിച്ച് കുഴപ്പങ്ങൾ പെരുപ്പിക്കാൻ ശ്രമിച്ചു; ഓഖിയെ രാഷ്ട്രീയമാക്കാൻ ശ്രമിച്ചവരെ പൊളിച്ചടുക്കി മാധ്യമ പ്രവർത്തകൻ

നന്നായി നടക്കുന്ന കാര്യങ്ങളാകെ അവഗണിച്ചോ, ഒതുക്കിയോ കുഴപ്പങ്ങൾ പെരുപ്പിച്ച് പറയുന്നതല്ല മാധ്യമ പ്രവർത്തനം; ഓഖിയെ രാഷ്ട്രീയമാ‌ക്കിയവർ അറിയണം ഇത്

aparna| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2017 (15:05 IST)
ഓഖി ദുരന്തത്തിനിടയിലും രാഷ്ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച മാധ്യമ പ്രവർത്തനത്തെ പൊളിച്ചടുക്കി മുതിർന്ന മാധ്യമപ്രവർത്തകനായ മഹേഷ് ചന്ദ്രൻ രംഗത്ത്. 2004ലെ സുനാമി ദുരന്തം റിപ്പോർട്ട് ചെയ്ത അനുഭവം പങ്കുവെച്ചാണ് മഹേഷ് ഓഖി ദുരന്തത്തെ വിശകലനം ചെയ്യു‌ന്നത്. ഭയം വിതച്ചും രാഷ്ട്രീയം കൊയ്യാൻ ശ്രമിക്കുന്ന ഇപ്പോഴത്തെ മാധ്യമ പ്രവർത്തന രീതിയെ ചില പഴയ കാര്യങ്ങളെല്ലാം ഓർമിപ്പിക്കുകയാണ് മഹേഷ്.

മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സുനാമി മുതല്‍ ഓഖി വരെ

2004 ല്‍ സുനാമി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഞാന്‍. കുളച്ചല്‍ എന്ന പ്രദേശത്ത് മാത്രം മരിച്ചത് 600 പേര്‍. എ.വി.എം കനാലില്‍ നിറയെ മൃതദേഹങ്ങളായിരുന്നു. ദുരന്തം ഉണ്ടായി മൂന്നാം ദിവസമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടങ്ങിയത്. ഉപ്പുവെള്ളം കൊണ്ട് ചീര്‍ത്ത് തടിച്ച മൃതദേഹങ്ങള്‍ പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു. മിക്കവരുടെയും കൈകള്‍ മുകളിലേക്ക് രക്ഷപ്പെടുത്തൂ എന്ന അപേക്ഷ പോലെ ഉയര്‍ന്നുനിന്നിരുന്നു. കുളച്ചലിലെ ആശുപത്രിയുടെയും സ്കൂളിന്റെയും മുറ്റത്തേക്ക് മൃതദേഹങ്ങളുമായി വാഹനങ്ങളും ആംബുലന്‍സുകളും ചീറിപ്പാഞ്ഞെത്തി മടങ്ങുമ്പോള്‍ അസഹനീയമായ ദുര്‍ഗന്ധവും പരന്നു. തിരിച്ചറിയാനാകാത്ത നിലയിലായ ശവശരീരങ്ങളുടെ ഉടമസ്ഥാവകാശ തര്‍ക്കം ഹൃദയഭേദകമായിരുന്നു. തമിഴ്നാട്ടിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ കുളച്ചലില്‍ എത്തിയില്ലെന്ന പരാതി ചിലര്‍ പറയുന്നുണ്ടായിരുന്നു.

അപ്രതീക്ഷിതമായാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതും റോഡിലൂടെ കൊണ്ടുവരുന്നതും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം ഉണ്ടായത്. എല്‍.കെ അദ്വാനി സംഭവസ്ഥലവും ആശുപത്രിയും സന്ദര്‍ശിക്കാനെത്തുന്നു, അദ്ദേഹത്തിന്റെ കോണ്‍വോയ് സുരക്ഷിതമായി കടന്നുപോകുന്നതിന് ആംബുലന്‍സുകളില്‍ തുടരെ തുടരെ മൃതദേഹങ്ങളുമായി വരുന്നത് വിഘാതമാകുമെന്നായിരുന്നു പോലീസ് ഭാഷ്യം. രക്ഷാപ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അത്രയും നേരം പോലീസ് തൊടാനറച്ച ചീര്‍ത്ത് ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹങ്ങള്‍ കഷ്ടപ്പെട്ട് കണ്ടെടുത്ത് കൊണ്ടുവന്നവരെ പോലീസ് നിര്‍ദ്ദയം തല്ലിചതച്ചു. സാഹചര്യം മോശമായതോടെ എല്‍.കെ അദ്വാനി സന്ദര്‍ശനം റദ്ദാക്കി തിരികെപോയി. കുറേനേരം മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് വൈകിപ്പിക്കാന്‍ മാത്രമാണ് അദ്വാനിയുടെ സന്ദര്‍ശനനീക്കം കാരണമായത് എന്ന യാഥാർത്ഥ്യം ഞാൻ റിപ്പോർട്ട് ചെയ്തു സംയമനം പാലിച്ചുതന്നെ.

100 കണക്കിന് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴി കുത്തി മൂടുന്നത് കണ്ട് റിപ്പോര്‍ട്ട് ചെയ്തത് ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. സിന്ധു സൂര്യകുമാറിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ നിന്നും ഞാനടക്കമുള്ള ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാര്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത് വൈകാരികത ആളികത്തിക്കുന്ന രീതിയിലല്ല. കേരളത്തില്‍ കരുനാഗപ്പള്ളിയില്‍ സുനാമി ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഏഷ്യാനെറ്റ് സംഘത്തെയും ഡിഎസ്എന്‍ജി വാനും ജനക്കൂട്ടം തടഞ്ഞുവെച്ച് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയതും അന്ന് റിപ്പോര്‍ട്ടിംഗിനായി പോയ രാജീവ് രാമചന്ദ്രന്‍ ആ വിഷയം കൈകാര്യം ചെയ്തതുമെല്ലാം ഇന്നലെയെന്ന പോലെ ഓര്‍മ്മയിലുണ്ട്.

ഇന്ന് മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനല്ല ഞാന്‍. പക്ഷേ, മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ സഹകരിക്കേണ്ട ജോലി ചെയ്യുന്നു. ജീവന്‍ അപകടത്തിലാകുന്ന പ്രദേശങ്ങളില്‍ വരെ ആവേശത്തോടെ ജോലി ചെയ്യാന്‍ പോകുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ആവേശം ആഘോഷമാകാറില്ലായിരുന്നു. എന്നാല്‍, ഓഖി എന്ന ചുഴലിക്കാറ്റ് തിരുവനന്തപുരത്ത് രൂക്ഷമായ സ്ഥിതി ഉണ്ടാക്കിയതിനെ തുടര്‍ന്ന് അതിലും വലിയ വിവാദ കൊടുങ്കാറ്റാണ് ചില മാധ്യമങ്ങള്‍ കെട്ടഴിച്ചുവിട്ടത്. അറിയിപ്പ് വൈകിയോ ഇല്ലയോ എന്നത് തലനാരിഴ കീറി പരിശോധിക്കും മുമ്പ്, അതിനെ നേരിടുന്നതിന് നാം ഇനിയെങ്കിലും കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്ന തരത്തിലുള്ള ചര്‍ച്ച നിര്‍ഭാഗ്യവശാല്‍ എവിടെയും കണ്ടില്ല.

സര്‍ക്കാര്‍ അത് ചെയ്തില്ല, ഇത് ചെയ്തില്ല എന്ന് പറഞ്ഞവര്‍ കേന്ദ്രസഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത് പിണറായി സര്‍ക്കാരാണെന്നത് മറന്നുപോയി. സംസ്ഥാന സര്‍ക്കാര്‍ അതീവഗുരുതരമായ സ്ഥിതി കേന്ദ്രത്തെ അറിയിക്കുകയും അത് കേന്ദ്രം അതേ ഗൗരവത്തില്‍ സ്വീകരിക്കുകയും ചെയ്തത് ആരൊക്കെ റിപ്പോര്‍ട്ട് ചെയ്തു. ഇത്രയധികം പേരെ രക്ഷപ്പെടുത്തിയ ഒരു ഓപ്പറേഷന്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് ഓര്‍ക്കണം.

മത്സ്യത്തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ആശങ്കയും വേദനയും വളരെ വലുതാണ്. അത് അധികാരികളെ അറിയിക്കാനല്ല അത് ആളികത്തിക്കാനും രക്ഷാപ്രവര്‍ത്തനത്തിന് തന്നെ വിഘാതമാകുന്ന തരത്തില്‍ വഴിതിരിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചതും ആര്‍ക്ക് വേണ്ടിയാണ്?

കേരളത്തില്‍ സുനാമി ദുരന്തത്തില്‍ മരിച്ചുവീണത് 171 പേരായിരുന്നു. ഇതില്‍ 131 ഉം ആലപ്പാട് എന്ന ഒരു പഞ്ചായത്തിലെ ജനങ്ങളും. സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചില്ല എന്ന് പറഞ്ഞ് റോഡ് ഉപരോധിക്കാന്‍ ആവേശം പകര്‍ന്നില്ല അന്നൊരു മാധ്യമപ്രവര്‍ത്തകനും. സുനാമി ബാധിതര്‍ക്കായി പൊതുസമൂഹം സമാഹരിച്ചുനല്‍കിയ സുനാമി ഫണ്ട് വകമാറ്റി കടല്‍തീരം പോലുമില്ലാത്ത സ്ഥലങ്ങളില്‍ ചെലവഴിച്ച അന്നത്തെ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാത്തവരാണ് അപ്രതീക്ഷിതമായ ഒരു ആഘാതത്തില്‍ നിന്ന് പരമാവധി ആളുകളെ രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും എതിരെ ജനരോഷം ഇളക്കാന്‍ ശ്രമിക്കുന്നത്.

കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറം സത്യമുണ്ടെന്ന് മനസിലാക്കുന്നവരാണ് പ്രേക്ഷകരില്‍ വലിയ വിഭാഗമെന്നത് മറക്കുന്നത് നന്നല്ല. എല്ലാം നന്നായി നടക്കുന്നു എന്ന് പറയുന്നതല്ല മാധ്യമപ്രവര്‍ത്തനം. പക്ഷേ, നന്നായി നടക്കുന്ന കാര്യങ്ങളാകെ അവഗണിച്ചോ, ഒതുക്കിയോ കുഴപ്പങ്ങള്‍ പെരുപ്പിച്ച് പറയുന്നതുമല്ല മാധ്യമപ്രവര്‍ത്തനം. സത്യമുള്ള തൊഴിലാണിത് എന്ന് നാളെ ആരോടും പറയാനാകാത്ത സ്ഥിതി ക്ഷണിച്ചുവരുത്തുന്നത് ഭൂഷണമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :