മദ്യനയത്തില്‍ വിയോജിച്ച് മുന്നോ‍ട്ട് പോകും: സുധീരന്‍

മദ്യനയം, സുധീരന്‍, കെപിസിസി
തിരുവനന്തപുരം| vishnu| Last Updated: ബുധന്‍, 7 ജനുവരി 2015 (12:44 IST)
മദ്യനയത്തില്‍ സര്‍ക്കാരിനോടുള്ള വിയോജിപ്പ് തുടരുമെന്ന് കെപിസിസി അധ്യക്ഷന്‍ വി‌എം സുധീരന്‍. സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതിയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനോടാണ് വിയോജിപ്പെന്ന് സുധീരന്‍ പറഞ്ഞു. പൂട്ടിയ ബാറുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ആരംഭിച്ചതിനോട് നേരത്തെതന്നെ കെപിസിസി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണെന്നും അത് ഇപ്പോഴുമുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.

മദ്യ വര്‍ജ്ജനമെന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമാണ്. അതിനുള്ള ശ്രമങ്ങ മുന്നോട്ട് കൊണ്ടുപോവേണ്ടത് കെപിസിസിയുടെ ബാധ്യതയാണ്. മദ്യനയം മദ്യ നിരോധനത്തിലേക്കുള്ള ചുവടുവയ്പ്പാണ്. ജനപക്ഷ യാത്രയിലെ ആശയങ്ങളുമായി മുന്നോട്ടുപോകും. 10 വര്‍ഷം കൊണ്ടു പൂര്‍ണ മദ്യ നിരോധനം നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. 730 ബാറുകളിലും വിദേശ മദ്യ വില്‍പ്പന വേണ്ടെന്നുവച്ച സര്‍ക്കാര്‍ തീരുമാനം ഈ ലക്ഷ്യത്തിലേക്കുള്ള നല്ല ചുവടുവയ്പ്പാണ്.
എന്നാല്‍ വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ സര്‍ക്കരുമായി ഒന്നിച്ചു മുന്നോട്ടു നീങ്ങും- സുധീരന്‍ പറഞ്ഞു.

ലഹരി വിരുദ്ധ ജനകീയ വേദികള്‍ ഉള്‍പ്പെടെ പല സംരംഭങ്ങള്‍ക്കും കെപിസിസി നേതൃത്വം നല്‍കിയിട്ടുണ്ട്. വിജയകരമായി മുന്നോട്ടു നീങ്ങിയ ജനപക്ഷയാത്രയിലെ പ്രധാന മുദ്രാവാക്യത്തില്‍ ലഹരി വിമുക്ത കേരളം എന്ന മുദ്രാവാക്യവും ഉള്‍ക്കൊള്ളുന്നുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു. ജനങ്ങള്‍ ആവേശത്തോടെയാണ് ഇതില്‍
പങ്കെടുത്തത്. അതുകൊണ്ടുതന്നെ ജനപക്ഷ യാത്രയില്‍ ഉയര്‍ത്തിയ ആശയങ്ങളുമായി കെപിസിസി മുന്നോട്ടുപോകും. അതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. 17നു ചേരുന്ന യോഗം ഇക്കാര്യത്തിനും രൂപരേഖ നല്‍കുമെന്ന് സുധീരന്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിട നികുതി വര്‍ധന ഉണ്ടായതു ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അത് പുനഃപരിശോധിച്ച് ജനങ്ങളുടെ പ്രയാസങ്ങള്‍ക്കു പരിഹാരമുണ്ടാക്കണമെന്നു സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. ക്രൂഡ് ഓയില്‍ വില രാജ്യാന്തര വിപണിയില്‍ ഏറ്റവും കുറഞ്ഞ സാഹചര്യമാണ് ഇപ്പോള്‍. എന്നാല്‍ ആനുപാതിക ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ല. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെപിസിസി സമര പരിപാടികള്‍ ആരംഭിക്കും. ജനുവരി 17നു ചേരുന്ന കെപിസിസി നിര്‍വാഹക സമിതി ഇക്കാര്യത്തിനും അന്തിമ രൂപം നല്‍കും.

ദേശീയ ഗെയിംസ് സംബന്ധിച്ച് ഉത്തരവാദപ്പെട്ട പല സ്ഥലങ്ങളില്‍നിന്നും അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്. കേരളത്തിന് അഭിമാനകരമായി നാഷണല്‍ ഗെയിംസ് നടത്തണം. ഇതിനു സര്‍ക്കാറിന്റെ എല്ലാ പരിശ്രമങ്ങള്‍ക്കും കെപിസിസിയുടെ പിന്തുണയുണ്ട്. ഉയര്‍ന്നു വന്നിട്ടുള്ള വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത്, പരിഹാരമുണ്ടാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നു സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി ഇതിനു യോഗത്തില്‍ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട് - സുധീരന്‍ പറഞ്ഞു

അതേ സമയം പത്രസമ്മേളനത്തിനു ശേഷം മദ്യ നയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സുധീരന്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറി. തനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ കാര്യം പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലെ തീരുമാനങ്ങളാണ്. അതാണ് ഇപ്പോള്‍ അറിയിച്ചത് എന്ന് പറഞ്ഞ് സുധീരന്‍ വേദിവിട്ടുപോവുകയാണ് ചെയ്തത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :