സുധീരന് ലീഗിന്റെ പിന്തുണ; മദ്യം നിരോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (13:24 IST)
പൂട്ടിയ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടിന് മുസ്‌ലിംലീഗിന്റെ പിന്തുണ. മദ്യനിരോധനത്തെ രാഷ്ട്രീയ വിഷയമായി കാണരുതെന്നും മദ്യം നിരോധിക്കണമെന്നാണ് ലീഗിന്റെ നിലപാടെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സുധീരന്റെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംലീഗ് പൂര്‍ണ പിന്തുണ നല്‍കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള മദ്യനിരോധന സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ എംപി മന്മഥന്‍ സ്മാരക അവാര്‍ഡ് വിഎം സുധീരന് നല്‍കുന്ന ചടങ്ങിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഇക്കാര്യം വ്യക്തമാക്കിയത്‍. അവാര്‍ഡ് തുക മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന് കൈമാറുന്നതായി സുധീരന്‍ അറിയിച്ചു. മദ്യനിരോധനമെന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പൊതുനയമാണ്. സമൂഹത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം മദ്യമാണെന്നും പടിപടിയായി മദ്യം നിരോധിക്കണമെന്നും സുധീരന്‍ പറഞ്ഞു.

എന്നാല്‍ പൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവ തുറക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :