സി പി എം പിളര്‍പ്പിന്‍റെ വക്കില്‍, പാര്‍ട്ടി ഗുണ്ടാപ്പടയുടെ കൈയില്‍: കുമ്മനം

കുമ്മനം രാജശേഖരന്‍, കോടിയേരി ബാലകൃഷ്ണന്‍, പിണറായി, ജയരാജന്‍, ചെന്നിത്തല, Kummanam Rajasekharan, Kodiyeri Balakrishnan, Pinarayi Vijayan, Jayarajan, Chennithala
തിരുവനന്തപുരം| BIJU| Last Modified ബുധന്‍, 21 ഫെബ്രുവരി 2018 (19:32 IST)
സി പി എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ സി പി എം കണ്ണൂരില്‍ ഗുണ്ടാപ്പടയുടെ ബലിഷ്ഠകരങ്ങളിലാണെന്ന് കുമ്മനം ആരോപിച്ചു.

കുമ്മനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇതാ:

നെഹൃവിന് ശേഷം ഇഎംഎസ് ചെങ്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്തുമെന്ന് വീമ്പിളിക്കിയ സിപിഎം പാര്‍ട്ടി ഇന്ന് ശത്രുവാര് മിത്രമാര് എന്ന് തിരിച്ചറിയാനാകാതെ ഉഴറുകയാണ്.

ഈ സാഹചര്യത്തിലാണ് ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം വ്യാഴാഴ്ച തൃശൂരില്‍ തുടങ്ങുന്നത്. ചൈനീസ് ബന്ധത്തിന്‍റേയും കോണ്‍ഗ്രസുമായുള്ള സമീപനത്തിന്‍റേയും പേരില്‍ നെടുകെ പിളര്‍ന്ന പാര്‍ട്ടി ഇന്ന് അതേ കാരണത്തില്‍ മറ്റൊരു പിളര്‍പ്പിന്‍റെ വക്കിലാണ്. 1964ല്‍ 32 പേരാണ് എതിര്‍പ്പുമായി പാര്‍ട്ടി വിട്ടതെങ്കില്‍ 2017ല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ കോണ്‍ഗ്രസ് വിധേയത്വത്തിനെതിരെ 55 പേരാണ് രംഗത്തു വന്നിരിക്കുന്നത്. പാര്‍ട്ടി ബംഗാള്‍ - കേരളാ ഘടകങ്ങളായി ചേരി തിരിഞ്ഞിരിക്കുന്ന അപൂര്‍വ്വ സാഹചര്യവും നിലവിലുണ്ട്. കേന്ദ്രകമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അവിശ്വാസം രേഖപ്പെടുത്തിയ ജനറല്‍ സെക്രട്ടറിക്ക് ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയുണ്ടോ?.

കേവലം രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം ഭരണമുള്ള പാര്‍ട്ടി ഇന്ന് ത്രിപുരയില്‍ നിന്നും ബഹിഷ്കൃതമാകുന്നതിന്‍റെ വക്കിലാണ്.

അല്‍പ്പമെങ്കിലും സ്വാധീനമുള്ള കേരളത്തിലാകട്ടെ, കണ്ണൂരിലെ ഗുണ്ടാപ്പടയുടെ ബലിഷ്ഠ കരങ്ങള്‍ക്കുള്ളിലുമാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ മാനവിക മൂല്യങ്ങള്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും പ്രവര്‍ത്തിക്കാനാകാത്ത പാര്‍ട്ടിയായി കേരളത്തിലെ സിപിഎം മാറിയെന്ന് സമ്മതിക്കുമല്ലോ? പാര്‍ട്ടി നേതൃത്വത്തിന് പോലും നിയന്ത്രിക്കാനാകാത്ത വിധം കണ്ണൂര്‍ ലോബി ഇന്ന് സിപിഎമ്മിനെ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ്. വിളവ് തിന്നുന്ന വേലിയാണ് ഇതിന് കാരണം. അണികള്‍ക്ക് ലാളിത്യവും അച്ചടക്കവും, പെരുമാറ്റച്ചട്ടവും ഏര്‍പ്പെടുത്തിയ നേതാക്കള്‍ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ അടവു നയത്തിലൂടെ കമ്മ്യൂണിസത്തിന് പുത്തന്‍ ഭാഷ്യം രചിച്ചു. കൊല്ലാനും കൊല്ലപ്പെടാനും അണികള്‍, ഭരണത്തണലില്‍ തടിച്ചു കൊഴുക്കുന്ന നേതാക്കള്‍. പാര്‍ട്ടിയിലെ ഈ അവസ്ഥയെ ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ തൃശൂര്‍ സമ്മേളനത്തില്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിലെ പാര്‍ട്ടിയില്‍ നിന്ന് പൊതുസമൂഹവും പാര്‍ട്ടി അണികളും ഉത്തരം തേടുന്ന ചില ചോദ്യങ്ങളുണ്ട്. ഇവയ്ക്ക് സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.

1. പാര്‍ട്ടിയേയും സഖാക്കളെയും നേര്‍വഴിക്ക് നടത്താന്‍ 2013-ല്‍ പാലക്കാട് ചേര്‍ന്ന പാര്‍ട്ടി പ്ലീനം കൈക്കൊണ്ട ഏതെങ്കിലും ഒരു തീരുമാനം സംസ്ഥാന സെക്രട്ടറിയടക്കം നടപ്പാക്കിയിട്ടുണ്ടോ?

2. ഗുണ്ടായിസവും ധാര്‍ഷ്ട്യവും മാത്രം കൈമുതലായിട്ടുള്ള ഇപ്പോഴത്ത സി.പി.എം നേതാക്കള്‍ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചത് എങ്ങനെ?

3. പാര്‍ട്ടിക്ക് ലെവി കൊടുത്തതിന് ശേഷവും കോടികള്‍ സമ്പാദിക്കാന്‍ സിപിഎം നു
എന്താണ് വരുമാനം?.

4. പാര്‍ട്ടി സെക്രട്ടറിയുടെ മക്കളുടെ പേരിലുണ്ടായ സാമ്പത്തിക തട്ടിപ്പിന്‍റെ പിന്നമ്പുറകഥകള്‍ എന്താണ്?

5. കോടിയേരി ബാലകൃഷ്ണന്‍റെ രണ്ട് മക്കള്‍ വിദേശത്ത് നടത്തുന്ന വ്യവസായം എന്താണെന്ന് അണികളോടെങ്കിലും വിശദീകരിക്കുമോ?

6. സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള നേതാക്കളുടെ മക്കള്‍ വിദേശത്ത് വന്‍കിട വ്യവസായ ഗ്രൂപ്പുകളുടെ തലപ്പത്ത് എത്തിയതെങ്ങനെ?.

7. ഭൂപരിഷ്കരണം നടപ്പാക്കിയെന്ന് വീമ്പിളിക്കുന്ന പാര്‍ട്ടിയുടെ ടിക്കറ്റില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വന്തമായുള്ളവര്‍ എങ്ങനെ എംഎല്‍എമാരായി?

8. കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്ന് പറയുന്ന പാര്‍ട്ടി പ്രതികള്‍ക്കായി കേസ് നടത്തുന്നതും പണപ്പിരിവ് നടത്തുന്നതും എന്തിന്?

9. കൊലക്കേസില്‍ കോടതി ശിക്ഷിച്ച കുഞ്ഞനന്തന്‍ എങ്ങനെ വീണ്ടും പാര്‍ട്ടി ഭാരവാഹിയായി?.

10. ശത്രുരാജ്യമായ ചൈനയേയും ഏകാധിപതിയായ ഉത്തര കൊറിയന്‍ ഭരണാധികാരിയേയും പുകഴ്ത്തുന്ന നേതാക്കളുടെ കൂറ് ആരോടാണ്?.

11. അഴിമതിക്കാരനെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തിയ കെ എം മാണിയെ ഇപ്പോള്‍ വിശുദ്ധനായി പ്രഖ്യാപിച്ച് പാര്‍ട്ടി സമ്മേളനത്തിലേക്ക് ക്ഷണിക്കാനുള്ള കാരണം എന്താണ്?.

12. ത്രിപുരയിലും ബംഗാളിലും കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.എം കേരളത്തില്‍ എന്തുകൊണ്ടാണ് അവരുമായി കൂട്ടുചേരാത്തത്?.

13. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു മറിക്കുന്ന കീഴ്വഴക്കം അവസാനിപ്പിക്കുമോ?.

14. കേരളത്തിലെ കയ്യേറ്റക്കാരായ ഭൂമാഫിയയുമായി പാര്‍ട്ടി നേതാക്കള്‍ക്കുള്ള ബന്ധം വിശദീകരിക്കാന്‍ സാധിക്കുമോ?.

15. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ തീവ്രവാദികളുടെ ഒളിത്താവളമായി മാറുന്നതിന്‍റെ കാരണം വിശദീകരിക്കുമോ?.

16 . സി.പി. എം ഭരണത്തില്‍ സ്ത്രീകളും, പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരും മറ്റ് പിന്നോക്ക വിഭാഗങ്ങളും, ന്യൂന പക്ഷ വിഭാഗങ്ങളും കൊല ചെയ്യപ്പെടുന്നതും, പീഡിപ്പിക്കപ്പെടുന്നതും എന്തു കൊണ്ടാണ്.??

ഇങ്ങനെ ഉത്തരം കിട്ടേണ്ടതായ നിരവധി ചോദ്യങ്ങള്‍ ഇനിയുമുണ്ട്. വിസ്താരഭയത്താല്‍ അവ ഇവിടെ പ്രതിപാദിക്കുന്നില്ല. മുന്‍പ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരുന്ന ഗതികേടിലാണ് ഇന്ന് സിപിഎം. അധികാരത്തിന്‍റേയും പണക്കൊഴുപ്പിന്‍റേയും ഗര്‍വ്വില്‍ പുളയുന്ന നേതാക്കള്‍ക്കും പാര്‍ട്ടിക്കും മുന്നോട്ട് വെക്കാന്‍ ഒരു ബദല്‍ ഇല്ലാതായിട്ട് കാലം കുറേയായി. ഈ സമ്മേളനത്തിലും അതിന് മാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ചോരക്കൊതിയന്‍മാരും മാഫിയകളും നയിക്കുന്ന ഈ പാര്‍ട്ടിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ പുറത്തു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :