കൊയിലാണ്ടിയില്‍ സ്കൂള്‍ ബസിനു മുകളിലേക്ക് മരം വീണു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊയിലാണ്ടി| VISHNU N L| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (13:46 IST)
നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്ന സ്‌കൂള്‍ ബസിനു സമീപം ദേശീയപാതയോരത്തെ മരം കടപുഴകിവീണു. ആര്‍ക്കും പരുക്കില്ല. കോതമംഗലത്ത് സ്കൂള്‍ ബസിനു മുകളില്‍ മരം വീണ് അഞ്ച് കുട്ടികള്‍ മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുമ്പേ കൊയിലാണ്ടിയില്‍ സമാന അപകടം വഴിമാറിയത് തലനാരിഴയ്കായിരുന്നു.
സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തതിനാലാണു വന്‍ദുരന്തം ഒഴിവായത്‌. ബസില്‍ 15 വിദ്യാര്‍ഥികളുണ്ടായിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45നായിരുന്നു സംഭവം നടന്നത്. കൊയിലാണ്ടി കൊല്ലം ടൗണിന്റെ കിഴക്കുഭാഗത്തെ വന്‍മരമാണു റോഡില്‍ പതിച്ചത്‌. വിദ്യാര്‍ഥികള്‍ ബസ് കാത്തു നില്‍ക്കുന്ന സ്ഥലത്ത് തന്നെയാണ് ഈ മരവും ഉണ്ടായിരുന്നത്. മരം കടപുഴകി വൈദ്യുതി ലൈനിലേക്കു മറിഞ്ഞപ്പോള്‍ ട്രാന്‍സ്‌ഫോമര്‍ തകര്‍ന്നുവീണതു സ്‌കൂള്‍ ബസിനു സമീപത്താണ്‌. എന്നാല്‍ അവസരോചിതമായി ഡ്രൈവര്‍ ബസ് പുറകോട്ടെടുത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

സ്‌റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മരത്തിനടിയില്‍പെട്ട്‌ പൂര്‍ണമായി തകര്‍ന്നു. രണ്ട്‌ ഓട്ടോറിക്ഷകള്‍ക്കും എഴു കടകള്‍ക്കും കേടുപാടു സംഭവിച്ചു. മഴ നനയാതെ കടവരാന്തയില്‍ കയറി നിന്നില്ലായിരുന്നെങ്കില്‍ ഓട്ടോഡ്രൈവര്‍മാരുടെ ജീവനും അപകടത്തിലായേനേ. സംഭവസമയം പ്രദേശത്തു വൈദ്യുതിയില്ലാതിരുന്നതും കൂടുതല്‍ അപകടമൊഴിവാക്കി. അപകടത്തെ തുടര്‍ന്നുണ്ടായ ഗതഗത സ്തംഭനം പരിഹരിച്ചത് രാത്രി 7.30-നാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :