കോന്നി പെണ്‍കുട്ടി ആര്യ സുരേഷ് മരിച്ചു, മരണം ഹൃദയാഘാതത്തേത്തുടര്‍ന്ന്

തൃശൂർ| VISHNU N L| Last Modified തിങ്കള്‍, 20 ജൂലൈ 2015 (16:57 IST)
ഒറ്റപ്പാലത്തു ട്രെയിനിൽനിന്നു വീണു പരുക്കേറ്റ കോന്നി സ്വദേശിയായ ആര്യ സുരേഷ് മരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായിരുന്നു. അതിനു ശേഷം പെണ്‍കുട്ടിയുടെ ഹൃദയം 97 ശതമാനവും പ്രവര്‍ത്തന രഹിതമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആര്യയുടെ ജീവൻ നിലനിന്നിരുന്നത്.

ഇന്നുരാവിലെ മെഡിക്കൽ ബുള്ളറ്റിലും ആര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ആരോഗ്യം മെച്ചപ്പെട്ടു വരുന്നതിനിടെ ന്യുമോണിയ ബാധിച്ചതാണ് ആര്യയുടെ ആരോഗ്യനില വഷളാക്കിയത്. തലച്ചോറിലെ പരുക്കും ഗുരുതരമായി. കഴിഞ്ഞ ദിവസം ആര്യയുടെ നില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നിട് വഷളാകുകയായിരുന്നു. നില മെച്ചപ്പെടുത്താനായി ആര്യയുടെ ശ്വാസകോശത്തിലെ പഴുപ്പ് നീക്കം ചെയ്തിരുന്നു.

എന്നാല്‍ നില വഷളാകുകയും വൈകിട്ടോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആര്യക്ക്
രണ്ട് തവണ ഹൃദയാഘാതം സംഭവിച്ചു എന്നാണ് വിവരം. ഇതോടെയാണ് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്. അപകടത്തിൽ രണ്ടു പെൺകുട്ടികൾ നേരത്തെ മരിച്ചിരുന്നു. മരണത്തൊടെ ഇവര്‍ എങ്ങനെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന കാര്യം ദൂരൂഹമായിരിക്കുകയാണ്. ആര്യയുടെ മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും.

പത്തനംതിട്ട കോന്നിയിൽ നിന്നു കാണാതായ മൂന്നു പെൺകുട്ടികളിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ മങ്കര - ലക്കിടി റയിൽവേ സ്റ്റേഷനുകൾക്കിടയിൽ നിന്ന് കണ്ടെത്തിയിരുന്നു. ബംഗളൂരു പോയി മടങ്ങിയ കുട്ടികളെ ട്രെയിനിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഐരവൺ സ്വദേശി ആതിര, തെങ്ങുംകാവ് സ്വദേശി എസ്. രാജി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നിലയിൽ ആര്യയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :