ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ എസ്എന്‍ഡിപിയെ ഉപയോഗിക്കുന്നു: കോടിയേരി

കോഴിക്കോട്| VISHNU N L| Last Updated: വെള്ളി, 2 ഒക്‌ടോബര്‍ 2015 (11:21 IST)
ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ എസ്എന്‍ഡിപിയെ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബിജെപിയുമായി സഖ്യചര്‍ച്ചകള്‍ക്ക് വെള്ളാപ്പള്ളി ഡല്‍ഹിയില്‍ പോയതിനേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മറ്റ് സംഘടനകളെയും ആര്‍.എസ്.എസ് ലക്ഷ്യമിടുന്നുണ്ട്. എസ്എന്‍ഡിപി യോഗത്തെ ' നടേശ പരിപാലന യോഗ' മാക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. മൂന്നാം മുന്നണി അനിവാര്യമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് യുഡിഎഫിനെ സഹായിക്കാനാണ്. മൂന്നാം മുന്നണി വന്നാല്‍ സിപിഎമ്മിനെ തകര്‍ക്കാമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിചാരമെന്നും കോടിയേരി ആരോപിച്ചു.

കേരളത്തെ ഗുജറാത്താക്കാനുള്ള ആസൂത്രിത നീക്കമാണ്‌ എസ്‌എന്‍ഡിപി-ബിജെപി കൂട്ടുകെട്ടെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ആര്‍എസ്‌എസിന്റെ കൈയ്യില്‍ കളിക്കുന്ന ഒരുപറ്റം ആള്‍ക്കാരുടെ നീക്കമാണ്‌ ഇതെന്നും ജാതിസംഘടനകള്‍ രാഷ്‌ട്രീയം ഉണ്ടാക്കിയപ്പോഴെല്ലാം അതിനെ അതിജീവിച്ച സംഘടനയാണ്‌ സിപിഎമ്മെന്നും അദ്ദേഹം പ്രതികരിച്ചു.

ആട്ടിറച്ചി തിന്നതിന്‌ ഒരാളെ കൊന്നത്‌ നോയ്‌ഡയില്‍ കഴിഞ്ഞ ദിവസമായിരുന്നു. കേരളത്തെ ആട്ടിറച്ചി തിന്നുന്നവരെ കൊല്ലുന്നവരാക്കി മാറ്റാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇതിനായി സമുദായത്തിന്റെ ഉന്നതരെയും ആള്‍ ദൈവങ്ങളെയും ഉപയോഗിക്കുന്നു. എസ്‌എന്‍ഡിപി യോഗം ഇപ്പോള്‍ ആള്‍ദൈവങ്ങള്‍ക്ക്‌ പിന്നാലെയാണ്‌. ശ്രീ ശ്രീ രവിശങ്കറെ പോലെയുള്ളവരെ ഒപ്പം കൂട്ടാനാണ്‌ ശ്രമം.

ശ്രീനാരായണ ആശയങ്ങള്‍ക്ക്‌ എതിരേ പ്രവര്‍ത്തിക്കുന്ന ആര്‍എസ്‌എസുമായി ഒന്നിക്കാനുള്ള എസ്‌എന്‍ഡിപിയുടെ നീക്കം വിരോധാഭാസമാണെന്നും പറഞ്ഞു. ശ്രീനാരായണ ആശയങ്ങള്‍ക്ക്‌ എതിരായ ആര്‍എസ്‌എസുമായി എസ്‌എന്‍ഡിപിയ്‌ക്ക് എങ്ങിനെ ഒന്നിക്കാനാകും? ചാതുര്‍വര്‍ണ്യത്തില്‍ വിശ്വസിക്കുന്നവരാണ്‌ ആര്‍എസ്‌എസ്‌. ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാനുള്ള ആത്മവിശ്വാസം ഇടതുപക്ഷത്തിനുണ്ട്‌. കോണ്‍ഗ്രസിലെ മതനിരപേക്ഷകര്‍ മൗനം പാലിക്കുന്നത്‌ കുറ്റകരമാണെന്നും പറഞ്ഞു.

കുടുംബകാര്യത്തിനാണ്‌ വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിക്ക്‌ പോയത്‌. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ഭാര്യയേയും മകനേയുമാണ്‌ വെള്ളാപ്പള്ളി ഒപ്പം കൂട്ടിയത്‌. സമുദായത്തിന്റെ പ്രസിഡന്റിനെ പോലും കൂട്ടിയില്ല. എസ്‌എന്‍ഡിപിയുടെ ഒരുഭാഗം മാത്രമാണ്‌ ഈ കൂട്ടത്തിലുള്ളതെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :