സന്തോഷ് മാധവന്റെ ഭൂമിക്ക് ഇളവ് : പിന്നില്‍ വ്യവസായ വകുപ്പ് ; റവന്യുവകുപ്പ് ഉത്തരവിറക്കിയത് മന്ത്രിയുടെ കുറിപ്പിനെ തുടര്‍ന്ന്

വിവാദസ്വാമി സന്തോഷ് മാധവന്റെ ഭൂമിയില്‍ ഐ ടി കമ്പനിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയതിനു പിന്നില്‍ വ്യവസായ വകുപ്പ്

കൊച്ചി, സന്തോഷ് മാധവന്‍, കുഞ്ഞാലിക്കുട്ടി kochi, santhosh madhavan, kunjalikutty
കൊച്ചി| സജിത്ത്| Last Modified ശനി, 23 ഏപ്രില്‍ 2016 (10:27 IST)
വിവാദസ്വാമി സന്തോഷ് മാധവന്റെ ഭൂമിയില്‍ ഐ ടി കമ്പനിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയതിനു പിന്നില്‍ വ്യവസായ വകുപ്പ്. ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ വ്യവസായ ഐ ടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ കുറിപ്പ് ഉള്‍പ്പെടെയുളള രേഖകളാണ് ഇത് സംബന്ധിച്ച് പുറത്തുവന്നത്. ഭൂപരിധിയില്‍ ഇളവിന് റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവിനാധാരം മന്ത്രിയുടെ കുറിപ്പാണ്. മന്ത്രിസഭായോഗം കുറിപ്പ് അതേപടി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

സ്വകാര്യമേഖലയില്‍ ഹൈടെക്-ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുളള പദ്ധതിയുടെ ഭാഗമായാണ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കറിനും തൃശൂര്‍ കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ലേജില്‍ 32.41 ഏക്കറിനും ഭൂപരിധി നിയമത്തില്‍ ഇളവ് അനുവദിച്ച് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ബിശ്വാസ് മേത്ത മാര്‍ച്ച് രണ്ടിന്(നമ്പര്‍.201-2016) ഉത്തരവിറക്കിയത്. ഇതുപ്രകാരം കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് 1964ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് എട്ട്(ഒന്ന്)(മൂന്ന്) പ്രകാരമുളള ഇളവാണ് നല്‍കിയത്.

ഏകദേശം 1600 കോടി നിക്ഷേപമുളള ഹൈടെക് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും, 20000-30000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വ്യവസായം,മെഡിക്കല്‍ സയന്‍സ്,വിദ്യാഭ്യാസം, ടൂറിസം,ഐടി മേഖലകളില്‍ സംരഭം തുടങ്ങിയവര്‍ക്ക് 1962ലെ ഭൂപരിഷ്‌കരണ നിയമത്തില്‍ കൈവശം വെക്കാവുന്ന ഭൂപരിധിയില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് നല്‍കാന്‍ റവന്യുവകുപ്പ് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇതനുസരിച്ചാണ് വൈക്കത്തെ സമൃദ്ധി പ്രോജക്ടിന് ഐ ടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയത്. ഇതുപോലെ കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്മെന്‍റിനും ഭൂപരിധിയില്‍ ഇളവുനല്‍കുന്ന കാര്യം പരിഗണിക്കണം.

500 ഏക്കര്‍ വരുന്ന ആറന്മുള പുഞ്ചപ്പാട പ്രദേശം വ്യവസായമേഖലയായി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത് ഇതേനിയമം ഉപയോഗിച്ചാണ്. ഏകജാലക ക്ളിയറന്‍സ് ബോര്‍ഡിന് വ്യവസായപ്രദേശത്ത് സംരംഭങ്ങള്‍ ആരംഭിക്കാനാവശ്യമായ ലൈസന്‍സുകളും ക്ളിയറന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും ത്വരിതഗതിയില്‍ നല്‍കാന്‍ കഴിയും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :