കൊച്ചി ബോട്ടപകടം: രണ്ട് മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ എട്ടായി

   ഫോര്‍ട്ട് കൊച്ചി ബോട്ടപകടം , യാത്രാബോട്ട് മുങ്ങി , അപകടം
കൊച്ചി| jibin| Last Updated: വ്യാഴം, 27 ഓഗസ്റ്റ് 2015 (10:08 IST)
ഫോർട്ട് കൊച്ചിയിൽ യാത്രാബോട്ടിൽ മത്സ്യബന്ധന ബോട്ടിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കണ്ടക്കടവ് പുത്തൻതോട് കുഞ്ഞുമോൻ- സിന്ധു ദമ്പതികളുടെ മകളും മഹാരാജാസ് കോളജിലെ ബികോം ബിരുദ വിദ്യാർഥിനിയായ സുജീഷ (17), ഷിൽട്ടൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സുജീഷയുടെ ചെല്ലാനം ഹാർബറിൽ നിന്നും ഷിൽട്ടന്റേത് കണ്ണാമാലിയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. അപകടത്തിൽ മരിച്ച സിന്ധുവിന്റെ മകളാണ് സുജിഷ.

അതേസമയം, അപകടത്തില്‍ പെട്ട ബോട്ട് ഓടിച്ചിരുന്നയാള്‍ മെക്കാനിക്ക് മാത്രമായിരുന്നുവെന്നും ഇയാള്‍ക്ക് ബോട്ട് ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലായിരുന്നിവെന്നും വ്യക്തമായി. ബോട്ടിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്ന് സൂചന. ഏകദേശം 35 വര്‍ഷം പഴക്കമുള്ള ബോട്ട് നിര്‍മിച്ചത് എന്നാണെന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. 2013 വരെയാണ് ഫിറ്റ്നസ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് ബോട്ടിന് 2017വരെ പോര്‍ട്ട് ഡയറക്ടറേറ്റ് നീട്ടിനല്‍കുകയായിരുന്നു. ബോട്ടില്‍ ആവശ്യത്തിന് ലൈഫ് ജാക്കറ്റുകള്‍ ഇല്ലായിരുന്നുവെന്നും ആരോപണമുണ്ട്.

രാവിലെ ആറുമണിക്ക് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. നേവി, കോസ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുക. കുമ്പളങ്ങി സ്വദേശി ഫൌസിയ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും. മൃതദേഹങ്ങള്‍ ബുധനാഴ്ച രാത്രിയോടെ പോസ്റ്മോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തിരുന്നു.

മീന്‍ പിടിക്കാന്‍ പോയ ബോട്ടും യാത്രാബോട്ടും തമ്മില്‍ ബുധനാഴ്‌ച ഉച്ചയ്‌ക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രാ ബോട്ട് രണ്ടായി പിളര്‍ന്ന് മുപ്പതോളം പേര്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. ഫോര്‍ട്ടുകൊച്ചിക്കടത്ത് കമ്മാലക്കടവില്‍ കപ്പല്‍ച്ചാലിനോട് ചേര്‍ന്ന ഭാഗത്താണ്
ദുരന്തമുണ്ടായത്.സംഭവത്തിന് തൊട്ടുപിന്നാലെ പ്രദേശവാസികളെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ കരയ്‌ക്കെത്തിച്ചത്. പിന്നാലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നേവിയും കോസ്റ്റുഗാര്‍ഡും രംഗത്തെത്തി. രക്ഷപ്പെട്ടവര്‍ക്ക് ഡീസല്‍ കലര്‍ന്ന വെളളം ശ്വാസകോശത്തിലെത്തിയതിനെ തുടര്‍ന്ന് ഗുരുതരമായ അവസ്ഥയിലാണുള്ളത്.

അഴീക്കല്‍ സ്വദേശിന സൈനബ, മട്ടാഞ്ചേരി സ്വദേശി സുധീര്‍, ചുള്ളിക്കല്‍ സ്വദേശിനി വോള്‍ഗ, കാളമുക്ക് സ്വദേശി അയ്യപ്പന്‍, ഫോര്‍ട്ട് കൊച്ചി സ്വദേശി ജോസഫ്, ചെല്ലാനം സ്വദേശിനി സിന്ധു എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ എറണാകുളത്തും ഫോര്‍ട്ടുകൊച്ചിയിലുമുളള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ എട്ടുപേരുടെ നിലഗുരുതരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :