മാണി മാറുമ്പോള്‍ ആര് പകരക്കാരനാകും ?

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 11 നവം‌ബര്‍ 2015 (12:15 IST)
ബാര്‍കോഴ കേസില്‍ ആരോപണവിധേയനാകുകയും ഹൈക്കോടതി പരാമര്‍ശം വരികയും ചെയ്ത സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണി രാജിസന്നദ്ധത അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ചേരുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മാണി രാജിസന്നദ്ധത അറിയിച്ചതായാണ് സൂചനകള്‍. യു ഡി എഫില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നു തന്നെയും സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് മാണി രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്.

മാണി രാജി വെക്കുകയാണെങ്കില്‍ പകരം ആര് എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്‌ട്രീയകേരളത്തില്‍ ഉയരുന്നത്. കേരള കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാവും ക്ലീന്‍ ഇമേജിന് ഉടമയുമായ സി എഫ് തോമസിന്റെ പേരാണ് ഇതില്‍ ആദ്യം ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍, മാണിയുടെ മനസ്സില്‍ മകനും എം പിയുമായ ജോസ് കെ മാണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, ഇതിന് എത്രത്തോളം പിന്തുണ പാര്‍ട്ടിയില്‍ നിന്നു തന്നെ ലഭിക്കുമെന്ന് വ്യക്തമല്ല. മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാക്കളും ഭൂരിപക്ഷം എം എല്‍ എമാരും സി എഫ് തോമസിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

നിലവിലെ സര്‍ക്കാരിന് ഇനി ആറുമാസം കൂടി കാലാവധിയില്ല. ഈ സാഹചര്യത്തില്‍ എം പിയായ ജോസ് കെ മാണി മന്ത്രിയാകുകയാണെങ്കില്‍ എം പി സ്ഥാനത്തു തുടര്‍ന്നു കൊണ്ടു തന്നെ മന്ത്രിസ്ഥാനം കൈകാര്യം ചെയ്യാം. നേരത്തെ, ആര്‍ ബാലകൃഷ്‌ണ പിള്ള എം പിയായിരിക്കെ സംസ്ഥാനത്ത് മന്ത്രിസ്ഥാനം അലങ്കരിച്ചിരുന്നു. എന്നാല്‍, ആറുമാസമായപ്പോഴേക്കും പാര്‍ട്ടി പിളര്‍ന്നതിനാല്‍ പിള്ള മന്ത്രിസ്ഥാനം രാജിവെച്ച് എം പിയായി തുടരുകയായിരുന്നു.

ഇതിനിടെ, പി ജെ ജോസഫിനെ ധനകാര്യവകുപ്പ് കൂടി ഏല്പിക്കുക എന്നതാണ് മൂന്നാമതായി ആലോചിക്കുന്നത്. എന്നാല്‍, മാണിയെയും കുടുംബത്തെയും അനുകൂലിക്കുന്നവര്‍ ഇക്കാര്യം അംഗീകരിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മേല്പറഞ്ഞത് മൂന്നും സാധ്യമായില്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ ഈ വകുപ്പ് കൂടി ഏറ്റെടുക്കുന്ന സാഹചര്യമായിരിക്കും ഉണ്ടാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :