മാണിയുടെ പതനത്തിനു പിന്നിലെ കറുത്ത കരങ്ങള്‍

കൊച്ചി| വെബ്‌ദുനിയ പൊളിറ്റിക്കല്‍ ഡെസ്‌ക്| Last Updated: തിങ്കള്‍, 9 നവം‌ബര്‍ 2015 (18:52 IST)
‘തലവരയുണ്ടെങ്കില്‍ മാണി മുഖ്യമന്ത്രിയാകും’ എന്നായിരുന്നു കഴിഞ്ഞവര്‍ഷം പകുതി കഴിഞ്ഞ സമയത്ത് കേരളരാഷ്‌ട്രീയത്തില്‍ കേട്ട ഒരു വാചകം. വേറെയാരുമല്ല, കേരള കോണ്‍ഗ്രസ് ജേക്കബ്
ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്ന ജോണി നെല്ലൂര്‍ ആയിരുന്നു ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്.
മാണി മുഖ്യമന്ത്രിയാകാന്‍ ഒരു കേരള കോണ്‍ഗ്രസുകാരനും തടസം നില്‍ക്കില്ലെന്നും അദ്ദേഹത്തെ അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമായിരുന്നു അന്ന് ജോണി നെല്ലൂര്‍ പറഞ്ഞത്. അവസാനം, അദ്ദേഹം ഒന്നുകൂടി പറഞ്ഞു ‘ജനപിന്തുണയുള്ള നേതാക്കന്മാരെ മറ്റുള്ളവര്‍ അസൂയയോടെ നോക്കുമെന്നും കണ്ണുവയ്‌ക്കുമെന്നും’ - ജോണി നെല്ലൂര്‍ ആ പറഞ്ഞത് അച്ചട്ടായി, നോക്കി, കണ്ണുവെച്ചു, മാണിയുടെ പതനം അവിടെ തുടങ്ങുകയും ചെയ്തു.

നിയമസഭയില്‍ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കെ എം മാണി മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിച്ചത് വലിയ തെറ്റെന്നല്ല, ഒരു തെറ്റേയല്ല. കാരണം, ദീര്‍ഘകാലം കേരള രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനിന്ന, ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച മാണി മുഖ്യമന്ത്രി സ്ഥാനത്തിന് തികച്ചും യോഗ്യനായിരുന്നു. തന്റെ നിയമസഭയിലെ സാന്നിധ്യം അമ്പതുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അതിന് പകിട്ടായി മുഖ്യമന്ത്രി പദം സ്വപ്നം കണ്ട കെ എം മാണിക്ക് പക്ഷേ, ലഭിച്ചത് കാഞ്ഞിരത്തേക്കാള്‍ കയ്‌പുള്ള അനുഭവങ്ങള്‍ ആയിരുന്നു.

മുഖ്യമന്ത്രിയായാല്‍ കൊള്ളാമെന്നുള്ള ആഗ്രഹം യു ഡി എഫില്‍ അവതരിപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അത് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ മാണി കളം മാറാനുള്ള നടപടികള്‍ ആരംഭിച്ചു.
ഒമ്പത് എം എല്‍ എമാരുമായി കെ എം മാണി എത്തിയാല്‍ മാണിയെ മുഖ്യമന്ത്രിയാക്കി അധികാരത്തിലെത്താന്‍ ഇടതുപാളയം തയ്യാറായിരുന്നു. ഇതിന്, പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചര്‍ച്ച നടന്നത്. പി സി ജോര്‍ജ് തന്നെ ഇക്കാര്യം കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് തടയിടാന്‍ യു ഡി എഫ് ഉണര്‍ന്നു. യു ഡി എഫ് എന്നതിനേക്കാള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നു പറയുന്നത് ആയിരിക്കും കുറച്ചു കൂടി ചേരുക. ഇടതുമായി ചേരുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ബാര്‍കോഴ ആരോപണം ഉയര്‍ന്നു വന്നത്. ‘മുഖ്യമന്ത്രി’ കസേര തന്നെയായിരുന്നു ഈ ആരോപണങ്ങള്‍ക്കു പിന്നിലെന്നത് കേരളത്തിലെ പരസ്യമായ ഒരു രാഷ്‌ട്രീയരഹസ്യമാണ്.

പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ എം മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ നല്‍കിയെന്നും ബാര്‍ ഉടമ അസോസിയഷേന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍, അമ്പതുവര്‍ഷം കൊണ്ട് പടുത്തുയര്‍ത്തിയ മാണിയുടെ ഇമേജ് പിന്നെയുള്ള ഒരു വര്‍ഷം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കി കളഞ്ഞത്. കേരളത്തിലെ ബാര്‍ പൂട്ടുന്നതിനും തുറക്കുന്നതിനും എക്സൈസ് മന്ത്രിക്കുള്ള അധികാരത്തേക്കാള്‍ കൂടിയ അധികാരമൊന്നും നിയമ മന്ത്രിക്കില്ല. എന്നിട്ടും, എക്സൈസ് മന്ത്രി കെ ബാബുവിനെ സംരക്ഷിച്ച് നിര്‍ത്തിയ ഉമ്മന്‍ ചാണ്ടി മാണി കുടുങ്ങട്ടെ എന്ന നയത്തില്‍ തന്നെ മുന്നോട്ടു പോകുകയായിരുന്നു എന്നു വേണം കരുതാന്‍. സംരക്ഷനെന്ന് അവകാശപ്പെടുമ്പോഴും മാണിയെ മണിച്ചിത്രത്താഴിട്ട് പൂട്ടാനുള്ള സാഹചര്യം ഉമ്മന്‍ ചാണ്ടി ഒരുക്കിക്കൊടുത്തു.

ബാര്‍കോഴ ആരോപണം ആദ്യമായി ഉയര്‍ന്നു വന്നപ്പോള്‍ മാണിക്കു വേണ്ടി മല പോലെ ഉറച്ചു നിന്നു. മാണി രാജി വെക്കേണ്ട കാര്യമില്ലെന്ന് പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാവ് വി എസിന്റെ പരാതിയില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ രണ്ടിന് സത്വരാന്വേഷണത്തിന് തീരുമാനമായി. ആരോപണം സത്യമല്ലെന്നും അന്വേഷണവുമില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് തീരുമാനമായത്. നവംബര്‍ നാലിന് വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ നിരവധി ഘട്ടങ്ങളില്‍ പല വെളിപ്പെടുത്തലുകളും ആരോപണങ്ങളും മൊഴികളും മൊഴിമാറ്റങ്ങളും വന്നു. ആരോപണവിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. അങ്ങനെ, ആദ്യമായി കേരള നിയമസഭ യുദ്ധക്കളമാകുന്നത് ഇവിടുത്തെ ജനാധിപത്യ വിശ്വാസികള്‍ കണ്ടു. എന്നാല്‍, ബാര്‍ കോഴ ആരോപണം നിലനിന്നപ്പോഴും നടന്ന അരുവിക്കര തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത് സര്‍ക്കാര്‍ നേട്ടമാക്കി ഉയര്‍ത്തിക്കാട്ടി.

ഒടുവില്‍, 2015 ജൂലൈ ഏഴിന്
മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് എസ് പി സുകേശന്‍ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, വിജിലന്‍സിന്റെ വാദം കോടതി തള്ളി. ഒക്ടോബര്‍ ഒന്നിന് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍, പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി മാണിയെ കുറ്റവിമുക്തനാക്കാനുള്ള നിര്‍ദ്ദേശമാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. ഇത് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ വ്യക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന്, ഒക്ടോബര്‍
29ന് മാണിക്കെതിരെ തെളിവുണ്ടെന്നും കേസ് പുനരന്വേഷണം നടത്തണമെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിച്ചു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. രണ്ടുദിവസം മുമ്പു വന്ന തദ്ദേശതെരഞ്ഞെടുപ്പു ഫലത്തില്‍ മനം നിറഞ്ഞ് ചിരിച്ച മാണിയുടെ മുഖം കറുത്തു, കനത്തു. ഇത് ഗൂഡാലോചനയാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

പക്ഷേ, ഇനി മാണിക്ക് എത്രദൂരം പോകാന്‍ കഴിയുമെന്നുള്ളതാണ് ചോദ്യം. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ മാണി രാജി വെച്ചിരുന്നെങ്കില്‍ ഒരു പക്ഷേ, കേരള കോണ്‍ഗ്രസിനോ കെ എം മാണിക്കോ ഇത്ര വലിയ ഒരു ‘ഇമേജ് തകര്‍ച്ച’ ഉണ്ടാകില്ലായിരുന്നു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ ഇനി എന്തു ചെയ്താലും ഇപ്പോള്‍ വീണ കളങ്കങ്ങള്‍ പെട്ടെന്നൊന്നും മാഞ്ഞു പോകില്ല. അതുകൊണ്ടു തന്നെ, മാണി ഇനിയെന്ത് തീരുമാനിക്കുമെന്ന് കേരള രാഷ്‌ട്രീയം ഉറ്റു നോക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്, കരുണാകരനെയും ആന്റണിയെയും വീഴ്‌ത്തിയയാള്‍ മാണിയെയും വീഴ്‌ത്തിയിരിക്കുന്നു, ഇനി ഒരിക്കല്‍ പോലും ഭീഷണിയാകാത്ത വിധം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :