മലയാള നാടിന് ഇന്ന് 61-ാം പിറന്നാള്‍

ഇന്ന് കേരളപ്പിറവി

november 1, kerala piravi, malayalam നവംബര്‍ ഒന്ന്, കേരളപ്പിറവി, മലയാളം
സജിത്ത്| Last Modified ബുധന്‍, 1 നവം‌ബര്‍ 2017 (07:44 IST)
ഇന്ന് നവംബര്‍ ഒന്ന്. മലയാള നാടിന് ഇന്ന് 61-ാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം നിലവില്‍ വന്നിട്ട് ഇന്നേയ്‌ക്ക് അറുപത്തിയൊന്ന് വര്‍ഷം തികയുന്നു. ഭാഷാ സാംസ്‌കാരിക സാമൂഹിക സവിശേഷതകളാല്‍ സമ്പന്നമാണ് കേരളം. വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ നാട്. ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിപ്പിക്കുന്ന നാട്. തെങ്ങോലകളും പച്ചപ്പും തിങ്ങി നിറഞ്ഞ കേരളത്തിന്റെ വിദൂര ദൃശ്യങ്ങള്‍ അത്രത്തോളം മനോഹരമാണ്. ലോകത്തെവിടെയായാലും മലയാളിയായതില്‍ വളരെയേറെ അഭിമാനിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും.

പുരാണ ഇതിഹാസങ്ങളിലും അശോക ശാസനങ്ങളിലും കേരളത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നിരുന്നാലും സംഘകാലത്തോളമെങ്കിലും കേരളം വിശാല തമിഴകത്തിന്റെ ഭാഗമായിരുന്നു. പിന്നീടാണ് സഹ്യനിപ്പുറം പുതിയൊരു ഭാഷ രൂപമെടുത്തത്. മലയാളദേശത്തെ പുതിയ ഭാഷസംസാരിച്ചവരാണ് പിന്നീട് മലയാളികളായത്. 1947 ല്‍ ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മയില്‍ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും 1956 വരെ കാത്തിരിക്കേണ്ടി വന്നു മലയാളികളായ നമുക്ക് സ്വന്തം മാതൃഭൂമി ലഭിക്കാന്‍ എന്നതാണ് വസ്തുത.

അറുപത്തിയൊന്ന് വര്‍ഷമാവുമ്പോഴേക്കും പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തും, സാക്ഷരതാ രംഗത്തും മറ്റ് സംസ്ഥാനങ്ങളേക്കാളും മികച്ച നേട്ടം കൈവരിക്കാന്‍ കേരളത്തിനായി എന്നതും വളരെ വലിയ കാര്യമാണ്. കലാപരമായും സാഹിത്യപരമായും സംസ്ഥാനം ഒരുപാട് പുരോഗമിച്ചു. വിനോദസഞ്ചാരരംഗത്തും സാങ്കേതികരംഗത്തും ഒരുപാട് പ്രതീക്ഷകളുമായാണ് കേരളം ഇപ്പോള്‍ മുന്നോട്ട് പോവുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :