ശിക്ഷ ഇളവ്: സര്‍ക്കാര്‍ വിട്ടയക്കാന്‍ ശ്രമിച്ച പട്ടികയില്‍ ടിപി വധക്കേസിലെ പതിനൊന്ന് പ്രതികളും മുഹമ്മദ് നിഷാമും; രേഖകള്‍ പുറത്ത്

പിണറായിക്ക് ഓര്‍മ്മയില്ലാതെ പോയ പട്ടികയില്‍ ടിപിയെ വധിച്ചവരും

Pinarayi Vijayan, TP chandrasekharan Murder Case, Chandrabose Murder Case, Muhammed Nisam, Jail Department, പിണറായി വിജയന്‍, ജയില്‍, മുഖ്യമന്ത്രി, ടിപി കേസ്, മുഹമ്മദ് നിഷാം, ടി പി വധക്കേസ്
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 23 മാര്‍ച്ച് 2017 (12:21 IST)
സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കാനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ ടി പി വധക്കേസ് പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമും. വിവരാവകാശ പ്രകാരം പുറത്തുവന്ന രേഖകളിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞനന്തന്‍, കൊടി സുനി, കെ.സി രാമചന്ദ്രന്‍, മനോജ്, സിജിത്ത്, റഫീഖ് എന്നിവരാണ് ജയില്‍വകുപ്പ് ആദ്യം വിട്ടയക്കാന്‍ തീരുമാനിച്ച പ്രതികളുടെ ലിസ്റ്റിലുളളത്.

അതേസമയം, ഇളവ് നല്‍കാന്‍ നിശ്ചയിച്ച പട്ടികയില്‍ ടിപി കേസിലെ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന നിയമസഭയിലെ ചോദ്യത്തിന് പട്ടികയിലെ എല്ലാവരും ആരാണെന്ന് ഓര്‍ക്കുന്നില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. 2016 ല്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്.
ഇതനുസരിച്ച് 1850 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇതില്‍ 150 പേരൊഴികെ മറ്റാരെയും വിട്ടയക്കാന്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് സാധിക്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പട്ടിക തിരിച്ചയക്കുകയായിരുന്നു.

വാടകക്കൊലയാളികള്‍, കൊലപാതകം തൊഴിലാക്കിയവര്‍, കള്ളക്കടത്തുമായി ബന്ധപ്പെട്ടു കൊല നടത്തിയവര്‍, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവര്‍, ജയില്‍ ഉദ്യോഗസ്ഥരെ കൊല ചെയ്തവര്‍, സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തവര്‍, ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, 65നു മേല്‍ പ്രായമുള്ളവരെ കൊല ചെയ്തവര്‍, വിദേശികളായ തടവുകാര്‍ എന്നിങ്ങനെയുള്ളവരെ ആരേയും പരിഗണിക്കരുതെന്ന കാര്യം സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരമാണ് ലിസ്റ്റ് നല്‍കിയതെന്നാണ് സൂ‍ചന.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :