ഭൂമിയിലെ മാലാഖമാർക്ക് സ്വപ്ന സാഫല്യം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം ഇരട്ടിയാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം ഇരട്ടിയാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (18:04 IST)
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. നിലവിൽ കുറഞ്ഞ ശമ്പളമാണ് നഴ്സുമാർക്ക് ലഭിക്കുന്നത്. ഇക്കാര്യത്തിൽ കാര്യമായ ശ്രമങ്ങൾ നടത്തുമെന്ന് അധികാരത്തിലെത്തിയ സമയത്ത് വ്യക്തമാക്കിയിരുന്നു. ഇതാണ് അധികാരത്തിലെത്തിയ നൂറ് ദിവസത്തിനുള്ളിൽ എൽ ഡി എഫ് സർക്കാർ പാലിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കും ശമ്പള വര്‍ദ്ധനവിനും വേണ്ടി പോരാടിയ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് ഇത് സ്വപ്ന സാക്ഷാത്കാരമാണ്.

നിലവിലുള്ള ശമ്പളമായ 13,000 ത്തിൽ നിന്നും ഇരട്ടിയാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട മീറ്റിംഗ് ഇന്ന് നടക്കുകയാണ്. തുടർന്ന് ഒക്ടോബർ ആദ്യം സമിതി സർക്കാരിന് അന്തിമശിപാർശ നൽകുമെന്നാണ് സൂചന. നഴ്‌സുമാര്‍ക്ക് പ്രതിദിനം ആയിരം രൂപയെങ്കിലും വേതനം വേണമെന്നാണ് സംഘടന സര്‍ക്കാരിന് മുന്നില്‍ വച്ച പ്രധാന ആവശ്യം. ബോണസ് ഇനത്തില്‍ മുന്‍വര്‍ഷം രണ്ടുമാസത്തെ ശമ്പളത്തുക നല്‍കിയത് 25 ശതമാനം വര്‍ധിപ്പിക്കണമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു അംഗീകരിക്കാൻ മാനേജ്മെന്റുകൾ തയ്യാറായിരുന്നില്ല.

2013നായിരുന്നു അവസാന ശമ്പള പരിഷ്കരണം നടന്നത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ നഴ്‌സുമാരുടെ കാലങ്ങളായുള്ള ആവശ്യം ലക്ഷ്യത്തിലേക്കടുക്കുകയാണ്. ഒക്ടോബര്‍ പത്തിനകം കുറഞ്ഞ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനമായില്ലെങ്കില്‍ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :