ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു

കായംകുളം| Sajith| Last Modified ശനി, 13 ഫെബ്രുവരി 2016 (17:52 IST)
ക്ഷേത്ര ഉത്സവ സമയത്ത് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ആനപാപ്പാന്‍ പന്തളം പുലിയൂര്‍ക്കോണം അക്ഷയ ഭവനില്‍ പുഷ്പാംഗദന്‍ എന്ന 48 കാരനാണു ആനയുടെ ചവിട്ടേറ്റു മരിച്ചത്.

കായം‍കുളം വാരണപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് ആന ഇടഞ്ഞത്. വിളക്കെഴുന്നെള്ളിപ്പിനു ശേഷം സേവയ്ക്ക് നിര്‍ത്തിയിരുന്ന സമയത്താണ് ആന പെട്ടന്ന് ഇടഞ്ഞത്. സമീപത്തു നിന്ന പാപ്പാനെ ആന കാലുകൊണ്ട് തൊഴിച്ച് നിലത്തിട്ടു ചവിട്ടുകയായിരുന്നു. ആനപ്പുറത്തിരുന്ന പൂജാരി ശിവകുമാര്‍ ഇതിനിടെ താഴേക്ക് ചാടിയപ്പോള്‍ പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

ചവിട്ടേറ്റ പാപ്പാനെ കായം‍കുളത്തും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടൂരില്‍ നിന്നെത്തിയ എലിഫന്‍റ് സ്ക്വാഡ് മയക്കുവെടി വച്ചാണ് പുലര്‍ച്ചെ ആനയെ തളച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :