കതിരൂര്‍ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു

കതിരൂര്‍ കൊലപാതകം, ആര്‍‌എസ്‌എസ്, സിപി‌എം
തലശേരി| VISHNU.NL| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (15:38 IST)

കണ്ണൂരിലെ കതിരൂരില്‍ ആര്‍എസ്എസ് ജില്ലാ നേതോവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേപ്പറ്റിയും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന‍. കൊലപാതക കേസില്‍ പിടിയിലായ വിക്രമനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും വിവരങ്ങളുണ്ട്.

വിക്രമനെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് ആറ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കു വേണ്ടി സംശയമുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ പൊലീസ് നടത്തുന്നുണ്ട്.

വിക്രമന്‍ മൊഴിയില്‍ പറഞ്ഞവരുടെ വീടുകളില്‍ പരിശോധയ്ക്കെത്തിയപ്പോള്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. കതിരൂര്‍, പാനൂര്‍ മേഖലകളിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്. സിബിഐ കേസ് ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ യഥാര്‍ഥ പ്രതികളെ തന്നെ കോടതിയില്‍ ഹാജരാക്കി അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.



ഇതിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കുകൂടി ചോദ്യംചെയ്യലിനു വിധേയരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെ തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അന്വേഷണ സംഘം കസ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.


കൂടാതെ വിക്രമനെ പൊലീസ് നന്നായി ചോദ്യം ചെയ്യുന്നുമുണ്ട്. വിക്രമന്‍ നല്‍കുന്ന മൊഴികളില്‍ പറയുന്നവരെ വിക്രമന് അഭിമുഖമായിരുത്തിയാണ് ചോദ്യംചെയ്യുന്നത്. ആദ്യം നല്‍കിയ മൊഴികള്‍ മാറ്റിപ്പറയാന്‍ ഇതുമൂലം വിക്രമന്‍ നിര്‍ബന്ധിതാകുന്നുണ്ട്. ആരോ പഠിപ്പിച്ചതുപോലെയായിരുന്നു വിക്രമന്റെ ആദ്യമൊഴികളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :