കതിരൂര്‍ മനോജ് വധക്കേസ്: അന്വേഷണറിപ്പോര്‍ട്ട് സിബിഐ സംഘത്തിന് കൈമാറും

കണ്ണൂര്‍| Last Updated: ശനി, 1 നവം‌ബര്‍ 2014 (12:46 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണറിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സംഘത്തിന് കൈമാറും. കൊലപാതകത്തില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും ഇതിലേക്ക് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടു പുതിയ പ്രതികളെ കൂടി ഉള്‍പ്പെടുത്തി 19 പ്രതികളുടെ വിശദാംശങ്ങളാണ് സിബിഐ സംഘത്തിന് കൈമാറുന്നത്. മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്ത സാഹചര്യത്തിലാണ് കേസിലെ മുഴുവന്‍ വിശദാംശങ്ങളും തെളിവുകളും ക്രൈംബ്രാഞ്ച് സംഘം സിബിഐയ്ക്ക് കൈമാറുന്നത്.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസഥര്‍ നവംബര്‍ നാലിന് വൈകിട്ടോടെ കണ്ണൂരിലെത്തും. അഞ്ചിന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം റിപ്പോര്‍ട്ട് കൈമാറും. കേസില്‍ ഇതു വരെ കണ്ടെത്താനായത് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായവരെയാണെന്നും 16 പേര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യത്തില്‍ പങ്കാളിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകത്തില്‍ ഉന്നത ഗൂഡാലോചനയുണ്ടെന്നും ഇതേക്കുറിച്ച് സുപ്രധാന തെളിവുകള്‍ നല്‍കാന്‍ കഴിയുന്ന കതിരൂരിലെയും തളിപ്പറമ്പിലെയും രണ്ട് സിപിഎം നേതാക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിട്ടില്ല. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ആര്‍എസ്എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :