കാസര്‍കോട്ടും, തൃശൂരും രാഷ്ട്രീയ കൊലപാതകം; ഹര്‍ത്താല്‍ തുടങ്ങി

കാസര്‍കോട്/തൃശ്ശൂര്‍| VISHNU N L| Last Updated: ശനി, 29 ഓഗസ്റ്റ് 2015 (08:36 IST)
കാസര്‍കോട്ട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റും തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റും മരിച്ചു. രണ്ടു സ്ഥലത്തും ഇന്ന് ഹര്‍ത്താല്‍ നടത്തുവാന്‍ ഇരു രാഷ്ട്രീയപാര്‍ട്ടികളും ആഹ്വാനം ചെയ്തിട്ടുണ്ട്. കോടോബേളൂര്‍ സ്വദേശി സി നാരായണന്‍ (45) ആണ് കാസര്‍കോട്ട് മരിച്ചത്. വെള്ളിക്കുളങ്ങര സ്വദേശി അഭിലാഷ് (31) തൃശ്ശൂരില്‍ വെട്ടേറ്റ് മരിച്ചു.

രാവിലെ ആറു മണി മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ ഹര്‍ത്താല്‍. ആദ്യ മണിക്കൂറില്‍ രണ്ടിടത്തും ഹര്‍ത്താല്‍ സമാധാനപരമാണ്‌. കടകള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ ഓടിയില്ല. അക്രമം പടരാതിരിക്കാന്‍ കൂടുതല്‍ പോലീസിനെ കാവല്‍ ഇട്ടിട്ടുണ്ട്‌. രണ്ടിടത്തും പോലീസ്‌ പെട്രോളിംഗും നടക്കുന്നുണ്ട്‌. തൃശൂര്‍ ജില്ലയില്‍ പുതുക്കാട്‌ മണ്ഡലത്തിലും കൊടകര പഞ്ചായത്തിലുമാണ്‌ ഹര്‍ത്താല്‍. ഇന്നലെയുണ്ടായ അക്രമസംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ വെട്ടേറ്റായിരുന്നു രണ്ടു ജില്ലയിലും സിപിഎം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്‌.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. മരിച്ച നാരായണന്റെ മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണ ആസ്പത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ പങ്കില്ലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം കാസര്‍കോട്ട് കുത്തേറ്റ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കാസര്‍കോട്ട് മരിച്ച നാരായണന്റെ സഹോദരന്‍ സി അരവിന്ദനെയാണ് ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കായക്കുന്നില്‍വച്ചാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇരുവര്‍ക്കും കുത്തേറ്റത്. ആയുധങ്ങളുമായെത്തിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. നാരായണനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അരവിന്തന് കുത്തേറ്റത്.

തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ വൈകീട്ടോടെയാണ് അഭിലാഷ് വെട്ടേറ്റ് മരിച്ചത്. ഇവിടെയും ഏതാനും ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. അഭിലാഷ് കൊല്ലപ്പെട്ടതിന് പിന്നാലെ കൊടകരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :