സഭ ഇന്നുമുതല്‍; ബാബുവിനെ വിടില്ലെന്ന് പ്രതിപക്ഷം, സഭ പ്രക്ഷുബ്ധമാകും

തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2015 (08:30 IST)
ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടുന്ന എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രതിപക്ഷം തുറന്ന പോര് പ്രഖ്യാപിച്ചതിന് പിന്നാലെ നിയമനിർമാണം ലക്ഷ്യമിട്ടു ചേരുന്ന നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമായി. ഇന്നു മുതൽ 17 വരെ 11 ദിവസങ്ങളിലായാണു സഭ ചേരുക.

ഒമ്പതു ദിവസം നിയമനിർമാണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഹർത്താൽ നിയന്ത്രണ ബിൽ, മലയാള ഭാഷാ ബിൽ തുടങ്ങിയ പ്രധാന ബില്ലുകൾ സഭയിൽ അവതരിപ്പിക്കും. ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ ഇതിനു പുറമെ ചര്‍ച്ചയ്‌ക്ക് വരും. ഹോട്ടൽ വിലനിയന്ത്രണ ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യത കുറവാണ്.

ബജറ്റ് അവതരണ ദിവസം നിയമസഭയിലെ കൈയാങ്കളിയില്‍ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ശക്തിപകരും. ബാര്‍ കോഴയില്‍ ആരോപണങ്ങള്‍ നേരിടുന്ന മന്ത്രി കെ ബാബുവിന്റെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ചോദ്യോത്തരവേള തന്നെ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. എന്നാൽ, തുടർസമരം ബുധനാഴ്ചത്തെ കോടതി വിധിക്കു ശേഷമേ തീരുമാനിക്കൂ. ഈ വിഷയത്തില്‍ തിങ്കളാഴ്ച നിയമസഭാ മാര്‍ച്ചും നടത്തുന്നുണ്ട്. സംഘര്‍ഷാന്തരീക്ഷത്തില്‍ ഇന്നു നിയമസഭ വേഗത്തില്‍ പിരിയാനാണു സാധ്യത.

ബാബുവിനെ നിയമസഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്. അതേസമയം, ബാബുവിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തില്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ടെന്നാണ് കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫ് നിയമസഭാ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും യുവമോര്‍ച്ചയും സമരപരിപാടികളുമായി രംഗത്തുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :