വിജിലന്‍സിന്റേത് പകപോക്കല്‍ നടപടി; എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതം; അനധികൃതസ്വത്ത് കണ്ടെത്തിയാല്‍ സര്‍ക്കാരിലേക്ക് നല്കാമെന്നും മുന്‍മന്ത്രി ബാബു

വിജിലന്‍സ് പകപോക്കുകയാണെന്ന് മുന്‍മന്ത്രി കെ ബാബു

കൊച്ചി| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (15:35 IST)
വിജിലന്‍സ് ഡയറക്‌ടറും സര്‍ക്കാരും തന്നോട് പക പോക്കുകയാണെന്ന് മുന്‍മന്ത്രി കെ ബാബു. എഫ് ഐ ആറില്‍ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും ഇന്‍കം ടാക്സ് അടയ്ക്കാത്ത വസ്തുവകകള്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാരിലേക്ക് നല്കാമെന്നും ബാബു മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കി. വീട്ടിലെ വിജിലന്‍സ് റെയ്‌ഡിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ബാബു ഇങ്ങനെ പറഞ്ഞത്.

വിജിലന്‍സ് റെയ്‌ഡ് പകപോക്കലായാണ് തോന്നിയിട്ടുള്ളത്. തേനിയില്‍ 120 ഏക്കര്‍ സ്ഥലം വാങ്ങിയെന്ന് പറയുന്നു. മരുമകന്റെ പിതാവ് 2008 നവംബര്‍ മൂന്നാം തിയതി ബാങ്ക് ഡ്രാഫ്റ്റ് കൊടുത്ത് വാങ്ങിയതാണ് അത്. 60 ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. തന്റെ മകളുടെ വിവാഹം 2012 സെപ്തംബര്‍ ഒമ്പതിനാണ് നടന്നതെന്നും അതിനു മുമ്പേ വാങ്ങുകയും വില്‍ക്കുകയും ചെയ്‌ത ഭൂമിയാണ് തേനിയിലേതെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായ സ്വത്ത് ഉണ്ടെന്നാണ് പറയുന്നത്. ബിനാമിയാണെന്ന് പറഞ്ഞിട്ടുള്ള മോഹനെയും ബാബു റാമിനെയും തനിക്ക് അറിയില്ല. ഇന്‍കം ടാക്സ് റിട്ടേണ്‍ കൊടുത്തിട്ടുണ്ട്. അതിന്റെ പേപ്പറില്‍ തനിക്ക് ഒരു സ്വത്തുമില്ല, റിയല്‍ എസ്റ്റേറ്റുമായി തനിക്ക് ബന്ധമില്ല. വിജിലന്‍സിന്റേത് പകപോക്കലാണെന്നും വളരെ സത്യസന്ധമായ രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന ഒരാളാണ് താനെന്നും ബാബു പറഞ്ഞു.

സംസ്ഥാനത്തിനു പുറത്തോ അകത്തോ തനിക്ക് നിക്ഷേപമില്ല. തനിക്ക് എന്തൊക്കെ സ്വത്തുണ്ടോ അതിന്റെ ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ മകളുടെ ഭര്‍തൃവീട്ടുകാര്‍ താന്‍ മന്ത്രിയായതിന്റെ പേരിലല്ല
കാര്‍ വാങ്ങിയത്. അവര്‍ വര്‍ഷങ്ങളായി തൊടുപുഴ ടൌണില്‍ ബിസിനസ് ചെയ്യുന്നവരാണ്. അവര്‍ കാര്‍ വാങ്ങിയതും വിറ്റതും താന്‍ അറിഞ്ഞതു പോലുമില്ല, അവര്‍ പരമ്പരാഗത ബിസിനസുകാരാണെന്നും മുന്‍മന്ത്രി വ്യക്തമാക്കി.

സ്റ്റീല്‍ കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തനിക്ക് എന്തൊക്കെ സ്വത്തുണ്ടോ അതിനെല്ലാം കൃത്യമായി ഇന്‍കം ടാക്സ് കൊടുക്കാറുണ്ട്. എഫ് ഐ ആറില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണ്. വീട്ടില്‍ നിന്ന് കണ്ടെത്തിയ ഒന്നരലക്ഷം രൂപ ദൈനംദിന ആവശ്യങ്ങള്‍ക്കായി
വീട്ടില്‍ കരുതിയിരുന്നതാണ്. ഈ നാട്ടില്‍ നടക്കുന്ന എല്ലാ ഇടപാടുകളും തന്റെമേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമം നടക്കുകയാണ്. ഒരു ഹോസ്പിറ്റല്‍ സംരംഭത്തിലും താന്‍ പങ്കാളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളത്തെ ബിസിനസുകാരെ തനിക്കറിയാം, എന്നാല്‍ ആരുമായും ഒരു ബിസിനസ് പങ്കാളിത്തവുമില്ല.
ഇന്‍കം ടാക്സ് ഡിക്ലയര്‍ ചെയ്തിട്ടുള്ള വസ്തുവകകള്‍ കൂടാതെ വേറെ എന്തെങ്കിലും ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ അത് സര്‍ക്കാരിലേക്ക് നല്കുന്നതാണെന്നും ബാബു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :