ജനതാ പരിവാര്‍ ലയനം കേരളത്തില്‍ നടക്കും, നേതാവാരാകും അതാണ് പ്രശ്നം...!

കോഴിക്കോട്| VISHNU N L| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (15:18 IST)
ദേശീയ തലത്തില്‍ ജനതാ പാര്‍ട്ടികള്‍ ലയിക്കാനൊരുങ്ങുമ്പോള്‍ കേരളത്തില്‍ നേതൃത്വ പ്രശ്നം തലപൊക്കി. ജനതാപാര്‍ട്ടികളായ ജനതാദള്‍ യുണൈറ്റഡും ജനതാദള്‍ സെക്യുലറും ഒന്നിക്കുമ്പോള്‍ കേരളത്തില്‍ ഇരു പാര്‍ട്ടികളിലും പെട്ട ആരാണ് കേരളത്തിലെ നേതാവാകുക എന്നതാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി. ഇരുപാര്‍ട്ടികളും ലയിച്ചാല്‍ കേരളത്തിലെ നേതാവാരെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നാണ് ജെഡി‌എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറയുമ്പോഴും കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല.

അതേസമയം ജെഡിഎസ് - ജെഡിയു ലയനം ത്വരിതപ്പെടുത്തണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ലയന നടപടികള്‍ക്ക് ജെഡിഎസ് സംസ്ഥാന നേതൃയോഗം എല്ലാപിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജെഡിയു നേതാവായ വീരേന്ദ്രകുമാര്‍ നേരത്തെ ജെഡി‌എസ് സംസ്ഥാന പ്രസിഡന്റായിരുന്നു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിടുകയും സോഷ്യലിസ്റ്റ് ജനതാ ദള്‍ എന്ന പാര്‍ട്ടി ഉണ്ട്ടാക്കി യുഡി‌എഫില്‍ ചേരുകയായിരുന്നു.

തുടര്‍ന്ന് നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ ലയിക്കുകയും ചെയ്തു. ജനതാ പരിവാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ മുതിര്‍ന്ന നേതാവെന്ന പരിഗണനയില്‍ സംസ്ഥാന അധ്യക്ഷനാക്കുമെന്നാണ് വിവരം. എന്നാല്‍ ഏത് മുന്നണിയില്‍ നില്‍ക്കണമെന്ന് ധാരണയായിട്ടില്ല. ജെഡി‌എസ് നേതൃത്വത്തിന് ഇടതു പക്ഷത്തോടാണ് ആഭിമുഖ്യമെങ്കില്‍ ജെഡി‌യുവിന് ബീഹാറിലെ ഭരണത്തിന് പിന്തുണ നല്‍കുന്നത് കാരണം കോണ്‍ഗ്രസിനോടാണ് പഥ്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :