വനിതാ തടവുകാരുടെ ജയിൽചാട്ടം; സൂപ്രണ്ടിന് സസ്പെന്‍ഷന്‍; രണ്ട് താൽക്കാലിക വാർഡൻമാരെ പിരിച്ചുവിട്ടു

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും തടവുകാരായ ശില്‍പ്പയും സന്ധ്യയും ജയിൽ ചാടിയത്.

Last Modified ഞായര്‍, 30 ജൂണ്‍ 2019 (10:27 IST)
അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ട് തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഒ വി വല്ലിയെ സസ്പെന്‍ഡ് ചെയ്തു. അതിന് പുറമെ രണ്ട് താൽക്കാലിക വാർഡൻമാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും തടവുകാരായ ശില്‍പ്പയും സന്ധ്യയും ജയിൽ ചാടിയത്.

അന്വേഷണം ഊര്‍ജ്ജിതമാക്കുകയും കഴിഞ്ഞ ദിവസം ഇരുവരേയും പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ച് ശിൽപ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പോലീസും റൂറൽ എസ്പിയുടെ കീഴിലുള്ള ഷാഡോ പോലീസും ചേർന്നാണ് പിടികൂടിയത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ ശിൽപ്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്‍റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനായിരുന്നു വര്‍ക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്.

രണ്ട് പേരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. തടവില്‍ കാലാവധി നീളുമെന്ന ഭയത്തെ തുടര്‍ന്നാണ് ജയില്‍ ചാടിയതെന്ന് യുവതികള്‍ പറഞ്ഞു. കേസില്‍ ശിക്ഷയായി ആറുവര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നു. പെട്ടെന്ന് പുറത്തിറങ്ങാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ജയിൽ ചാടാൻ തീരുമാനിച്ചത് എന്നും പിടിയിലായശേഷം യുവതികള്‍ മൊഴി നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :