വിധി തിരിച്ചടിയല്ലെന്ന് ചെന്നിത്തല; സര്‍ക്കാരുമായി തര്‍ക്കത്തിനില്ലെന്ന് കമ്മീഷന്‍

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (18:51 IST)
തദ്ദേശ തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ആണെന്ന ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോടതി വിധിയോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍ക്കാരുമായി തര്‍ക്കത്തിനില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. കോടതി വിധി പഠിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‌കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കമ്മീഷന് അനുകൂലമായ നിര്‍ദ്ദേശം ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാന്‍ കോടതി ഇടപെടണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യം കമ്മീഷന് തീരുമാനിക്കാമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഡിസംബര്‍ ഒന്നിനകം പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന്, സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുന്നതായും സര്‍ക്കാരുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ സ്വാതന്ത്യം കൊടുത്തിട്ടും ഉദാരമായ നിലപാട് സ്വീകരിക്കുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :