ആദ്യം നോട്ടീസും നഷ്ടപരിഹാരവും, പിന്നെമതി ഹര്‍ത്താല്‍, പുതിയ നിയമം വരുന്നു

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (14:03 IST)
ഹർത്താലുകളെ നിയമനിർമ്മാണത്തിലൂടെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. ഹർത്താൽ സംഘടിപ്പിക്കുന്നവർ ജീവനും സ്വത്തിനുമുള്ള നാശത്തിനു നഷ്ടപരിഹാരമെന്ന നിലയ്ക്കു നിശ്ചിത തുക മുൻകൂറായി കെട്ടിവയ്ക്കണമെന്നതുള്‍പ്പടെയുള്ള കടുത്ത വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഹര്‍ത്താല്‍ നിയന്ത്രണ നിയമമാണ് അണിയറയില്‍ ഒരുങ്ങുന്നത്. നിയമം നടപ്പിലാക്കുന്നതിലൂടെ ഫലത്തില്‍ ഹര്‍ത്താല്‍ നിരോധിച്ചതിന് സമാനമാകും.

അനാവശ്യമായി ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കുക്ക എന്നതാണ് പുതിയ നിയമത്തിറ്റെ ഉദ്ദേശം. ഹൈക്കോടതി നിർദേശപ്രകാരമാണു ഹർത്താൽ നിയന്ത്രണ ബില്ലിനു സംസ്ഥാന സർക്കാർ രൂപം നൽകിയത്. മൂന്നു ദിവസത്തെ മുൻകൂർ നോട്ടീസ് ഇല്ലാതെ ഹർത്താൽ നടത്തരുത്, ജോലിയിൽ ഹാജരാകുന്നതിൽനിന്നു വ്യക്തികളെ ബലമായി തടയുക, ആശുപത്രി, ഹോട്ടൽ, വിദ്യാഭ്യാസ സ്ഥാപനം, പെട്രോൾ ബങ്കുകൾ എന്നിവിടങ്ങളിലേക്കു പോകുന്നതും ഗതാഗത സൗകര്യം ഉപയോഗിക്കുന്നതും ബലമായി തടയുക തുടങ്ങിയവ നിരോധിക്കും.

ഹർത്താലിന്റെ പേരിൽ രാവിലെ ആറിനു മുമ്പും വൈകിട്ട് ആറിനു ശേഷവും കടകളുടെയും മറ്റും പ്രവർത്തനം തടയാൻ പാടില്ല. മുന്‍‌കൂര്‍ നോട്ടീസ് നല്‍കിയാണ് ഹര്‍ത്താല്‍ നടത്തുന്നതെങ്കിലും സര്‍ക്കാരിന് വേണമെങ്കില്‍ അത് നടത്തുന്നത് നിരോധിക്കാനുള്ള അധികാരമുണ്ടായിരിക്കും. ഹർത്താൽ ബാധിക്കുന്ന ജനങ്ങളെയും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും മാദ്ധ്യമങ്ങളിലൂടെയും മറ്റും മൂന്നു ദിവസം മുമ്പേ അറിയിക്കണം.

മാനസികമായും കായികമായും ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ആരെയും ഹർത്താലിൽ പങ്കെടുപ്പിക്കാൻ പാടില്ല. പൊതു സ്ഥാപനങ്ങൾ, സർവീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധർമസ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെടുത്തരുത്. അക്രമവും ഭീഷണിയും വഴി കടകൾ അടപ്പിക്കാനോ ഗതാഗതം തടയാനോ പാടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണി ഉണ്ടാകാതെ നോക്കണം.

പൊതുമുതൽ നശിപ്പിക്കാനോ ക്രമസമാധാനം ലംഘിക്കാനോ നീക്കമുണ്ടായാൽ സർക്കാർ കർശനമായി തടയണം. ബലപ്രയോഗമോ ഭീഷണിയോ ഉള്ളതായി ആരെങ്കിലും പരാതിപ്പെട്ടാൽ പൊലീസ് സഹായത്തിനെത്തണം. ഇതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷയുണ്ടാകും. നിയമത്തിനു വിരുദ്ധമായി ഹർത്താൽ ആഹ്വാനം ചെയ്യുകയോ നടത്തുകയോ ചെയ്യുന്നവർക്ക് ആറു മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്ന തരത്തിലാണ് കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്.

ഹര്‍ത്താലില്‍ സഹായം അഭ്യര്‍ഥിച്ചിട്ടും സഹായിക്കതെ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പരമാവധി ഇതേ പിഴതന്നെ വിധിക്കാം. ഹർത്താലിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നവർക്കു ജാമ്യം ലഭിക്കണമെങ്കിൽ നശിപ്പിച്ച വസ്തുവിന്റെ വിലയ്ക്കു തുല്യമായ തുക കെട്ടിവയ്ക്കണം. കുറ്റക്കാരല്ലെന്നു പിന്നീടു കോടതി വിധിച്ചാൽ ഈ തുക മടക്കി ലഭിക്കും. കുറ്റക്കാരെന്നു കണ്ടു പിഴ നൽകാൻ വിധിച്ചാൽ ഹര്‍ത്താലിനു മു‌ങ്കൂറായി കെട്ടിവയ്ക്കുന്ന തുകയിൽനിന്ന് ഈടാക്കുമെന്നും കരടു ബില്ലിൽ പറയുന്നു.

ആശുപത്രികൾ, മരുന്നുകടകൾ, പാൽ, പത്രം, മീൻ, ജലവിതരണം, ആഹാര വിതരണം, ആംബുലൻസുകളുടെയും ആശുപത്രി വാഹനങ്ങളുടെയും ഗതാഗതം, ഇന്ധന വിതരണം, സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റ് അവശ്യ സർവീസുകൾ എന്നിവ തടസ്സപ്പെടുത്തിയാല്‍ ഹര്‍ത്താല്‍ നടത്തുന്നത് നിരോധിക്കും. കരട് ബില്ലിൽ സർക്കാർ ഉടൻ തീരുമാനം എടുക്കും. കോൺഗ്രസും യുഡിഎഫും ചർച്ച ചെയ്യും. അതിന് ശേഷം ഓർഡിനൻസായി കൊണ്ടു വരാനാണ് സാധ്യത. അതുണ്ടായില്ലെങ്കിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ പരിഗണനയ്ക്ക് വയ്ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :