ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി; കൊച്ചി - മധുര ദേശീയ പാതയില്‍ ഉപരോധം

ഇടുക്കി| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (09:00 IST)
ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ അനിശ്ചിത കാല നിരാഹാര സമരം ഒത്ത് തീര്‍പ്പാക്കണം എന്നാവശ്യപ്പെട്ടാണ് 24 മണിക്കൂര്‍ ഹര്‍ത്താല്‍. ഹര്‍ത്താലിന് സിപി‌എം പിന്തുണ അറിയിച്ചിട്ടുണ്ട്.

കൊച്ചി - മധുര ദേശീയ പാത ഉപരോധിക്കുമെന്ന് സമിതി അറിയിച്ചു. നേര്യമംഗലത്ത് മലയോര ഹൈവൈക്ക് വേണ്ടി നിര്‍മ്മിച്ച കലുങ്ക്, വനം വകുപ്പ് പൊളിച്ചതില്‍ പ്രതിഷേധിച്ചാണ് ജോയ്‌സ് ജോര്‍ജ്ജ് കഴിഞ്ഞ നാലുദിവസമായി നിരാഹാര സമരം നടത്തുന്നത്. നിരാഹാരം അഞ്ചാംദിവസത്തിലെത്തിയതോടെയാണ് ഇടുക്കിയില്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. നേര്യമംഗലത്തുനിന്നാരംഭിക്കുന്ന മലയോര ഹൈവേയില്‍ പൊതുമരാമത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചല്ലെന്ന് വനംവകുപ്പ് നടപടിയെടുത്തിരുന്നു. എന്നാല്‍ നിര്‍മിച്ച കലുങ്കുകള്‍ പൊളിച്ചത് വികസനം അട്ടിമറിക്കാനാണെന്ന് ആരോപിച്ചാണ് എംപി നിരാഹാരം ആരംഭിച്ചത്.

എറണാകുളം ജില്ലയില്‍ പെട്ട കോതമംഗലം, നേര്യമംഗലം എന്നിവിടങ്ങളില്‍ സമരസമിതി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കോതമംഗലത്ത് ഉപരോധ സമരം ഉദ്ഘാടനം ചെയ്യും. നിരാഹാരത്തോട് അനുബന്ധിച്ച് ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ തെരുവോര സമരം ഉപേക്ഷിച്ചാണ് ഹൈറേഞ്ച് സംരക്ഷണസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :