ഹര്‍ത്താലാഹ്വാനം കുറ്റമല്ലെന്ന് ഹൈക്കോടതി

ഹര്‍ത്താല്‍, ഹൈക്കോടതി, ഹര്‍ജി
കൊച്ചി| VISHNU.NL| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (14:39 IST)

ഹര്‍ത്താല്‍ ആഹ്വാനം കുറ്റമാക്കാനാവില്ലെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യവും കോടതി തളളി. ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞ കോടതി ഹര്‍ത്താല്‍ ആഹ്വാനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജിയും തള്ളിക്കളഞ്ഞു.

ഹര്‍ത്താല്‍ നേരിടാന്‍ സമഗ്ര നിയമ നിര്‍മാണമാണ് വേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനുമുളള സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശനമായ നടപടിയെടുക്കണം. ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ചീഫ് സെക്രട്ടറി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതു, സ്വകാര്യ മുതല്‍ നശിപ്പിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കണം. ഇതു സംബന്ധിച്ച കേസുകളില്‍ നടപടിയെടുത്തോയെന്നു നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുകയും വേണം. ഇക്കാര്യങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കോടതി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അതേസമയം, ഹര്‍ത്താലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്‍പു പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ പൊതു, സ്വകാര്യ സ്വത്തിനുണ്ടാവുന്ന നാശം തടയാന്‍ കര്‍ശന നടപടിവേണം. ജില്ലാ മജിസ്ട്രേറ്റുമാര്‍, പൊലീസ് മേധാവികള്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവണം നടപടി.

ഖാലിദ് മുണ്ടപ്പിള്ളി, സത്യവാന്‍ കൊട്ടാക്കര എന്നിവര്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസുമാരായ എ.എം. ഷഫീഖ്, എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഫുള്‍ ബഞ്ചിന്റേതാണു വിധി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :