ജുവലറിയില്‍ ഒന്നരകിലോ സ്വര്‍ണ്ണ കവര്‍ച്ച

കോട്ടയം| Last Modified ശനി, 29 ഓഗസ്റ്റ് 2015 (19:57 IST)
പട്ടാപ്പകല്‍ ജുവലറിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു. സഹായം ചോദിച്ചെത്തിയ യുവാവാണ് നഗരത്തിലെ മുനിസിപ്പല്‍ കോം‍പ്ലക്സിലുള്ള അരുണ്‍സ് മരിയ ഗോള്‍ഡ് എന്ന ജുവലറിയില്‍ നിന്ന് 35 ലക്ഷം രൂപ വിലവരുന്ന
സ്വര്‍ണ്ണം കവര്‍ന്നത്.


കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയായിരുന്നു സംഭവം. ഉച്ച കഴിഞ്ഞ് കുറേ പേപ്പറുകളുമായി ഫുള്‍കൈ ഷര്‍ട്ടും പാന്‍റ്‍സും ധരിച്ച 35 വയസോളം വരുന്ന കറുത്ത നിറമുള്ള യുവാവ് കോം‍പ്ലക്സിലെ ചില കടകളില്‍ കയറിയിറങ്ങി. ആംഗ്യഭാഷയിലായിരുന്നു ഇടപെടല്‍. ജുവലറിയില്‍ എത്തിയപ്പോള്‍ കടയില്‍ മോഹനന്‍ എന്നയാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഈ സമയം ഷോറൂമിന്‍റെ ടേബിളില്‍ കുറേ ആഭരണങ്ങള്‍ വച്ചിരുന്നു. ഇയാള്‍ തനിക്ക് സഹായം ചെയ്ത ചിലരുടെ പേരുകള്‍ അടങ്ങിയ ചില കടലാസുകള്‍ മോഹനനു നല്‍കി. മോഹനന്‍ ഇത് നോക്കിയ സമയം മറ്റു ചില പേപ്പറുകള്‍ ആഭരണങ്ങള്‍ക്ക് മുകളില്‍ ഇട്ട് മറയ്ക്കുകയും നയത്തില്‍ ഇവ വലിച്ച് കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ കട വിട്ട് പുറത്തുപോവുകയും ചെയ്തു.

എന്നാല്‍ ഇയാള്‍ പുറത്തുപോയതോടെ കവര്‍ച്ചയെ കുറിച്ച് അറിഞ്ഞ മോഹനന്‍ ഉടന്‍ പൊലീസില്‍ പരാതിപ്പെട്ടു. കടയിലെ നിരീക്ഷണ ക്യാമറയില്‍ ഇയാളുടെ ഫോട്ടോ പതിഞ്ഞിരുന്നു. ഇതനുസരിച്ച് ജില്ലാ പൊലീസ് മേധാവി എം.പി.ദിനേശിന്‍റെ നിര്‍ദ്ദേശാനുസരണം ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :