സുലേഖയെ മുന്‍ നിര്‍ത്തി അരുവിക്കരയില്‍ സഹതാപം വോട്ടാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (16:12 IST)
സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വരുന്ന അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കാര്‍ത്തികേയന്റെ ഭാര്യ സുലേഖയേ നിര്‍ത്താന്‍ യു‌ഡി‌എഫില്‍ നിക്കം തുടങ്ങിയതായി സൂചന. മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയ സാധ്യത കുറവെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സഹതാപ തരംഗത്തിലൂടെ സീറ്റ് നിലനിറുത്താനാണ് കോണ്‍ഗ്രസ് നീക്കം. കൂടാതെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം ഒഴിവാക്കാന്‍ രണ്ടുകൂട്ടര്‍ക്കും പൊതുസമ്മതനായ ആള് വേണമെന്നതിനാല്‍ സുലേഖയ്ക്കാകും സാധ്യത കൂടുതല്‍.

അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിനുതൊട്ടുമുമ്പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അനിവാര്യവുമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തു നിന്ന കനത്ത വെല്ലുവിളി നേരിടുന്ന സമയമായതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും യുഡി‌എഫിന് ചിന്തിക്കാന്‍ പോലും ആകില്ല. അതിനിടെ കാര്‍ത്തികേയന്റെ അടുത്ത അനുയായികളില്‍ ഒരാള്‍ക്ക് സീറ്റ് നല്‍കണമെന്ന വാദം പഴയ തിരുത്തല്‍വാദ പക്ഷവും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അനൗപചാരിക കൂടിയാലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്.

അരുവിക്കരയില്‍ രാഷ്ട്രീയ പോരാട്ടം നടന്നാല്‍ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഇത് മറികടക്കാന്‍ സഹതാപ തരംഗത്തിനു മാത്രമേ കഴിയൂ എന്നതിനാല്‍ സുലേഖയേ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭൂരിപക്ഷാഭിപ്രായമാണുള്ളത്. എന്നാല്‍ അരുവിക്കരയില്‍ മത്സരത്തിന് തയ്യാറാകുമോ എന്ന് വ്യക്തമല്ല. ആരും ഇക്കാര്യം സുലേഖയുമായി ചര്‍ച്ചയും നടത്തിയിട്ടില്ല. കാര്‍ത്തികേയന്റെ വിയോഗം ഉണ്ടായിട്ട് ദിവസങ്ങള്‍ മാത്രം കഴിഞ്ഞിട്ടിരിക്കെ ഇത്തരമൊരു ചര്‍ച്ച എങ്ങനെ സുലേഖയുമായി നടത്തും എന്ന വിഷമത്തിലാണ് കോണ്‍ഗ്രസ്.

കാര്‍ത്തികേയന്റെ മരണാനന്തര ചടങ്ങുകള്‍ തീരുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥി കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ധാരണയിലെത്തുമെന്നാണ് സൂചന. കാര്‍ത്തികേയനുമായി ആത്മബന്ധമുണ്ടായിരുന്ന നേതാവാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതുകൊണ്ട് തന്നെ കാര്‍ത്തികേയന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ ഐ ഗ്രൂപ്പും എതിര്‍ക്കില്ല.
എകെആന്റണിക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. എന്നാല്‍ ആര് ഇക്കാര്യം സുലേഖയേ അറിയിക്കും എന്നതും അവരെ എങ്ങനെ സമ്മതിപ്പിക്കും എന്നകാര്യത്തില്‍ പാര്‍ട്ടിയില്‍ അശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

അതുകൊണ്ട് തന്നെ സുലേഖയുടെ മനസ്സറിഞ്ഞ ശേഷമേ അടുത്ത നീക്കം ഉണ്ടാകൂ. ഏതായാലും സുലേഖ മത്സരിക്കാന്‍ വിസമതം പ്രകടിപ്പിച്ചാല്‍ മാത്രമേ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കൂ. സര്‍വവിജ്ഞാനകോശം ഡയറക്ടറാണ് ഡോ എം ടി. സുലേഖ. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് സുലേഖയെ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ വനിതാ സംവരണമായതിനാല്‍ സുലേഖയെ മേയറാക്കാനും പരിഗണിച്ചിരുന്നു. എന്നാല്‍ ഈ നീക്കം കോണ്‍ഗ്രസില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതിനാല്‍ അരുവിക്കരയിലെ സ്ഥാനാര്‍ഥിയാകാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിച്ചാല്‍ സുലേഖ സമ്മതിക്കുമോ എന്ന് കണ്ടറിയണം.

അതേസമയം വിതര ശശിയെ പോലുള്ള പ്രാദേശിക നേതാക്കളും മത്സരത്തിന് തയ്യാറായി രംഗത്തുണ്ട്. കാര്‍ത്തികേയന്റെ വലം കൈയായിരുന്ന കെപിസിസി സെക്രട്ടറി മണക്കാട് സുരേഷിനായും ചരടുവലികളുണ്ട്. അതിനിടെ അരുവിക്കര മണ്ഡലത്തില്‍ അവകാശവാദമുന്നയിക്കേണ്ട എന്ന് ആര്‍എസ്‌പി തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തിന് മുമ്പ് ഇടതുപക്ഷത്തിനായി അരുവിക്കരയില്‍ സ്ഥിരമായി മത്സരിച്ചിരുന്നത് ആര്‍എസ്‌പിയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :