വരുന്നു മുന്നോക്ക സമുദായ മുന്നണി; തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊടിപാറും

കൊച്ചി| VISHNU N L| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (15:56 IST)
എസ്‌എന്‍‌ഡിപി -‌ ബിജെപി ബാന്ധവത്തിന്റെ പേരില്‍ കേരളത്തിലെ രാഷ്ട്രീയ മുന്നണികളിലുണ്ടായിരിക്കുന്ന ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കരുത്തു തെളിയിക്കാന്‍ മുന്നോക്ക സമുദായക്കാര്‍ കൈകോര്‍ക്കുന്നു. മുന്നോക്ക സമുദായ മുന്നണി എന്നപേരില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സമുദായ നേതാക്കള്‍ തീരുമാനിച്ചു കഴിഞ്ഞതായാണ് വിവരങ്ങള്‍.

ബ്രാഹ്‌മണരും ക്രിസ്‌ത്യാനികളും ഉള്‍പ്പെടെ 48 സമുദായങ്ങളാണ്‌ മുന്നണി രൂപീകരണത്തിനു പിന്നില്‍. മുന്നണിക്ക് എസ്‌എന്‍‌ഡിപി യോഗത്തിന്റെ പിന്തുണയുമുണ്ടാകുമെന്നാണ് അണിയറ വര്‍ത്തമാനങ്ങള്‍. കലൂരില്‍ ശനിയാഴ്‌ച നടക്കുന്ന യോഗത്തില്‍ ഇവര്‍ സ്‌ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ ജില്ലകളിലാണ്‌ മുന്നണി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

മുന്നോക്ക സമുദായങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും തിരഞ്ഞെടുപ്പിനെ ഇവര്‍ നേരിടുക. പിന്നാക്ക സമൂഹത്തിന്‌ വേണ്ടി സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നതിന്‌ തങ്ങള്‍ എതിരല്ല. എന്നാല്‍ മുന്നോക്ക സമുദായത്തിലും സാമ്പത്തിക ക്‌ളേശം അനുഭവിക്കുന്നുണ്ടെന്ന സാഹചര്യത്തില്‍ സാമൂഹ്യനീതിക്ക്‌ വേണ്ടിയാണ്‌ തങ്ങള്‍ സ്വതന്ത്രരെ മത്സരിപ്പിക്കുന്നതെന്നാണ്‌ ഇവരുടെ വാദം.

കേരളത്തിലെ മുന്നോക്ക സമുദായങ്ങളുടെ അവസ്‌ഥയെ കുറിച്ച്‌ പഠിക്കാന്‍ റിട്ടയര്‍ ചെയ്‌ത ജില്ലാ ജഡ്‌ജി അദ്ധ്യക്ഷനായ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കെയാണ്‌ പുതിയ മുന്നണി സമവാക്യം രൂപം കൊണ്ടിരിക്കുന്നത്. സംഭവം ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. ഇടത്- വലത് മുന്നണികള്‍ക്കും ബിജെപിക്കും ഒരേപോലെ ഭീഷണിയാകുന്നതാണ് പുതിയ കൂട്ട്കെട്ട്.

പല മുന്നണികളുടെയും വോട്ടുബാങ്കില്‍ അടിസ്ഥനപരമായ വിള്ളലുകള്‍ മുന്നോക്ക മുന്നണി ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തലുകള്‍. കേരളസമൂഹം സാമുദായികമായി ഏറെ ഭിന്നിച്ചിരിക്കുകയാണെന്ന മുറവിളികള്‍ക്കിടയില്‍ പുതിയ സമുദായ സമവാക്യം എത്രകണ്ട് കേരളത്തേ ബാധിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ആശങ്കയുണ്ടായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :