സംസ്ഥാനത്ത് പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 8 ജൂലൈ 2015 (11:42 IST)
സംസ്ഥാനത്ത് പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. നിയമസഭയില്‍ ആരോഗ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന ഗുരുതരാവസ്ഥയെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നല്കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രൊഫ.സി രവീന്ദ്രനാഥ് ആയിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയത്.

സംസ്ഥാനത്ത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പനിബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. 1965ലെ സ്റ്റാഫ് പാറ്റേണാണ് സര്‍ക്കാര്‍ ഇപ്പോഴും പിന്തുടരുന്നത്. എങ്കിലും സംസ്ഥാനത്ത് ഒരിടത്തും ഡോക്ടര്‍മാരുടെ കുറവില്ല.

534 ഒഴിവുകളാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍, അടുത്തിടെ 961 ഡോക്ടര്‍മാരെ വിവിധ സ്ഥലങ്ങളില്‍ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ആസ്പത്രികളിലും ആവശ്യത്തിനുള്ള മരുന്ന് എത്തിച്ചിട്ടുണ്ട്. എവിടെയെങ്കിലും മരുന്ന് ഇല്ലെന്ന് അറിയിച്ചാല്‍ ഇന്നു തന്നെ എത്തിക്കാമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

അതേസമയം, അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :