കോപ്പിയടി പാരയാകും, ഐജി ജോസിനെതിരെ വകുപ്പ്തല അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 4 മെയ് 2015 (16:30 IST)
എല്‍‌എല്‍‌എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് പിടിയിലായ തൃശൂര്‍ റേഞ്ച് ഐജി ടി ജെ ജോസിനെതിരെ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയതായി സൂചന. ജോസിനെത്രെ വകുപ്പുതല അന്വേഷണമുണ്ടാവുമെന്നും എഡിജിപി ശങ്കര്‍ റെഡ്ഡി ഇതില്‍ അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.

ജോസ് കോപ്പിയടിച്ചു എന്ന് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചു എന്നാണ് ഡിജിപി അറിയിച്ചിരിക്കുന്നത്. ഐജി ജൊസിനെതിരെ നടപടി ഉണ്ടാകണമെന്നാണ് പൊലീസ് സേനയില്‍ തന്നെ ഉയര്‍ന്നിരിക്കുന്ന ആവശ്യം. സംഭവത്തിനുശേഷം ഒരുമണിക്കൂറോളം ഐജിയുമായി ബന്ധപ്പെടാന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ഫോണെടുത്തിരുന്നില്ല.

പിന്നീട് ഫോണെടുത്ത ഐജി സംഭവം നിഷേധിച്ചു. ആദ്യം സംഭവം സ്ഥിരീകരിച്ച കോളേജ് അധികൃതര്‍ പിന്നീട് മലക്കംമറിയുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ മാധ്യമപ്രവര്‍ത്തകരും സ്പെഷ്യല്‍ ബ്രാഞ്ചുകാരും കോളേജിലെത്തിയിട്ടുണ്ട്. അതേസമയം കോപ്പിയടി പിടിച്ചെങ്കിലും ഇദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് കോപ്പിയടിക്കുപയോഗിച്ച ഗൈഡിന്റെ ഭാഗങ്ങള്‍ പിടിച്ചെടുക്കാന്‍ പരിക്ഷാഹാളിലുണ്ടായിരുന്ന ഇന്‍‌വിജിലേറ്റര്‍ക്ക് സാധിച്ചില്ല.

തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഇത് നല്‍കാതെ ഐജി ഹാളില്‍നിന്ന് ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്. അതിനാല്‍ തെളിവില്ലാത്തതിനാല്‍ നടപടി എടുക്കാന്‍ സാധിച്ചേക്കില്ല എന്ന് സൂചനയുണ്ട്. അതേസമയം ആഭ്യന്തര വകുപ്പ നടത്തുന്ന അന്വേഷണം മറ്റൊരു തലത്തിലാണ്. എല്ലാവര്‍ക്കും മാതൃകയാകേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ നാണക്കേടുണ്ടാക്കുന്ന കാര്യം ചെയ്തതിലുള്ള ധാര്‍മ്മികമായ കാര്യങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഐജിക്കെതിരെ കര്‍ശന നടപടിയാണ് ഉണ്ടാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :