വൈദ്യുതി റെയ്ഡ്: പിടികൂടിയത് ഒന്നരക്കോടിയുടെ മോഷണം

തിരുവനന്തപുരം| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (15:18 IST)
ഋഷിരാജ്‌ സിംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയില്‍ ഇതുവരെയായി ഒന്നരക്കോടി രൂപയുടെ വൈദ്യുതി മോഷണം പിടികൂടി. വൈദ്യുതി ബോര്‍ഡ്‌ ചീഫ്‌ വിജിലന്‍സ്‌ ഓഫീസറായി എഡിജിപി ഋഷിരാജ്‌ സിംഗ്‌ ചുമതലയേറ്റ ശേഷം കഴിഞ്ഞ പത്ത്‌ ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയ പരിശോധനയിലാണ്‌ സര്‍ക്കാരിന് വരുമാനവര്‍ധനവ് ഉണ്ടായത്.

ഇതുവരെയായി ഈയിനത്തില്‍ 1764 പരിശോധനകളാണ് വിജിലന്‍സ്‌ വിഭാഗം നടത്തിയത്‌. ഇതില്‍ 35 മോഷണങ്ങളും 135 അനധികൃത വൈദ്യുതി കണക്ഷനുകളും കണ്ടെത്തിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം വൈദ്യുതി ബോര്‍ഡ്‌ ഈയിനത്തില്‍ നടത്തിയ പരിശോധനകളിലൂടെ പിഴ ചുമത്തിയത്‌ 38 കോടിക്കായിരുന്നു. ആകെ 386 മോഷണങ്ങളും 3392 മറ്റ്‌ ക്രമക്കേടുകളും കണ്ടെത്തിയിരുന്നു.

ഇത്‌ വളരെ കുറവാണെന്നായിരുന്നു ഋഷിരാജ്‌ സിംഗ്‌ അഭിപ്രായപ്പെട്ടത്‌. കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ തുക സര്‍ക്കാരിലേക്ക്‌ കണ്ടെത്താനാകുമെന്നും എല്ലാ ജില്ലകളിലും നേരിട്ട്‌ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും പണമടയ്ക്കാന്‍ കഴിവുള്ളവരുമാണ്‌ വൈദ്യുതി മോഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :