മലപ്പുറം|
jibin|
Last Updated:
ശനി, 5 ഡിസംബര്‍ 2015 (13:44 IST)
അനുവാദമില്ലാതെ
ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ പോസ്റ്ററില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് രംഗത്തെത്തി. തന്റെ അറിവില്ലാതെ ഫോട്ടോ ഉപയോഗിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് ദീപ ഫേസ്ബുക്കിൽ കുറിച്ചു. ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ദീപയുടെ ചിത്രം വെച്ചത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം:-
ഈ പോസ്റ്റർ ആരുടെ ഭാവനാസൃഷ്ടിയാണെന്നറിയില്ല. എന്തായാലും നന്നായിട്ടുണ്ട്. ഡിവൈഎഫ്ഐ എന്നു പറയുന്നത് ഒരശ്ലീല പദമാണ് എന്നൊന്നും ഞാൻ കരുതുന്നില്ല. ഇടതു പക്ഷ അനുഭാവമുണ്ടാകുക എന്നത് കുറ്റകരമായ സംഗതിയായും കരുതുന്നില്ല. പക്ഷേ ഞാനറിയാത്ത ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തമാണ്. അതാരു ചെയ്തതായാലും ശരി തെറ്റു തന്നെയാണ്. ദീപാനിശാന്ത് എന്ന വ്യക്തി അതിനു മാത്രം സാമൂഹ്യ സാംസ്കാരിക പ്രവർത്തനമൊന്നും നടത്തിയിട്ടുമില്ല.
സാമൂഹ്യ സാംസ്കാരിക രംഗത്ത് നിലവിൽ ഇടപെടുന്നുണ്ടോ ഭാവിയിൽ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എൻ്റെ വ്യക്തിപരമായ സ്വാതന്ത്യ്രമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവിൽ അധ്യാപിക എന്ന ജോലിയിൽ പൂർണ്ണസംതൃപ്തയാണ്. പ്രവർത്തനമേഖല വിപുലമാക്കുമ്പോൾ ഞാൻ തന്നെ അറിയിച്ചോളാം.
ഒരു വ്യക്തിയുടെ സ്വകാര്യതയെ അൽപ്പമെങ്കിലും മാനിക്കുക. എതിർക്കുന്നവരും അനുകൂലിക്കുന്നവരും... പിന്നെ ഇതിന്റെ
അനുബന്ധ പോസ്റ്റുകൾ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശ്രമിക്കണമെന്ന് എതിർക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകൾ!