ലോ അക്കാദമി സമരം: സമവായത്തിനായുള്ള സിപിഎം ശ്രമം പരാജയപ്പെട്ടു; പ്രിന്‍സിപ്പലിനെ മാറ്റില്ലെന്ന് അക്കാദമി ഡയറക്​ടർ ബോര്‍ഡ്

പ്രിന്‍സിപ്പലിനെ മാറ്റില്ലെന്ന് അക്കാദമി ഡയറക്​ടർ ബോര്‍ഡ്

തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 29 ജനുവരി 2017 (16:02 IST)
പേരൂർക്കട ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കാൻ സിപിഎം ശ്രമം. പ്രശ്​നം പരിഹരിക്കുന്നതിന്റെ ഭാഗമായി അക്കാദമി ഡയറക്​ടർ നാരയണൻ നായരെ എ കെ ജി സെന്ററിലേക്ക്​ വിളിപ്പിച്ചു. നാരായണന്‍ നായര്‍ക്കൊപ്പം സഹോദരനും സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരും എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ പ്രിന്‍സിപ്പലിനെ മാറ്റില്ലെന്നും ലക്ഷ്മി നായര്‍ക്ക് വേണമെങ്കില്‍ സ്വയം രാജിവെക്കാമെന്നും അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി.

ഇന്നു വൈകിട്ട് നിര്‍ണായകമായ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സിപിഎമ്മിന്റെ ഈ തിരക്കിട്ട നീക്കമെന്നാണ് സൂചന. എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും മറ്റു രാഷ്ട്രീയ പാർട്ടികളും ഒരേനിലപാടില്‍ ഉറച്ചുനിൽക്കുമ്പോൾ മാനേജ്മെന്റിനെ പിണക്കാതെതന്നെ പ്രശ്നം പരിഹരിക്കുന്നതിനാണ് സി പി എം ശ്രമിച്ചത്. അതേസമയം, പ്രിന്‍സിപ്പലിനെ മാറ്റാതെ സമരത്തില്‍ നിന്ന് അണുവിട മാറില്ലെന്നു എസ് എഫ് ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടി പറയുന്നതാണ് തന്റെ നിലപാടെന്നാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ പ്രതികരിച്ചത്. സമരത്തെക്കുറിച്ച് ഇന്നലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ അതെ അഭിപ്രായങ്ങള്‍ തന്നെയാണ് ഇക്കാര്യത്തില്‍ തനിക്കുളളതെന്നും വിദ്യാര്‍ഥി സമരത്തെ രാഷ്ട്രീയ പ്രശ്‌നമായി മാറ്റാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :