പാര്‍ട്ടി കോണ്‍ഗ്രസും ലോഗോയും പിന്നെ ഫേസ്ബുക്കും

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (13:48 IST)
സിപി‌എമ്മിന്റെ ഒരു പാര്‍ട്ടി കോണ്‍ഗ്രസും തുടങ്ങുന്നതിന് മുമ്പുതന്നെ ഇത്രയും ചര്‍ച്ചയായിട്ടുണ്ടൊ എന്നത് സംശയമാണ്. പാര്‍ട്ടി വിരുദ്ധരും പാര്‍ട്ടി അണികളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. മറ്റൊന്നുമല്ല പാര്‍ട്ടി കോണ്‍ഗ്രസിനായി സിപി‌എം പുറത്തിറക്കിയ ലോഗോയെ ചൊല്ലിയാണ് ഇപ്പോള്‍ പ്രചരണങ്ങള്‍ കൊഴുക്കുന്നത്.

തുറമുഖ നഗരമായ വിശാഖപട്ടണം 21-)ം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയായപ്പോള്‍, കപ്പലില്‍ സഖാക്കള്‍ ചെങ്കൊടിയേന്തി നില്‍ക്കുന്ന ലോഗോയാണ് സി.പി.എം തയാറാക്കിയത്. ആലപ്പുഴ സ്വദേശി ആര്‍. ജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ലോഗോ കഴിഞ്ഞ 19നു ഹൈദരാബാദിലെ എം.ബി ഭവനില്‍ നടന്ന ചടങ്ങില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബിവി രാഘവുലുവാണു പ്രകാശനം ചെയ്തത്. എന്നാല്‍ മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്ന് ആളുകള്‍ രക്ഷിക്കണേ എന്ന് ആര്‍ത്തു വിളിക്കുന്ന ചിത്രമാണിതെന്ന് എതിരാളികള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ ഇട്ടുതുടങ്ങിയതോടെ വിവാദം കൊഴുത്തു.

പ്രതിസന്ധികളാകുന്ന കടല്‍ക്ഷോഭങ്ങളെ ധൈര്യപൂര്‍വം തരണംചെയ്തു മുന്നോട്ടുപോകുന്ന സഖാക്കളെയാണു ലോഗോയില്‍ അനാവരണം ചെയ്യുന്നത്. എന്നാല്‍ പ്രതിസന്ധികള്‍ തരണം ചെയ്യാനാകാതെ മുങ്ങുകയാണ് കപ്പലെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. അടുത്തിടെ പാര്‍ട്ടി നേരിട്ട തിരിച്ചടികളാണ് ലോഗോയില്‍ പ്രതിഫലിക്കുന്നതെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം.

അതിനിടെ, സി.പി.എം എന്ന മുങ്ങുന്ന കപ്പലില്‍ നിന്ന് അണികള്‍ കേരളത്തിലെ ബി.ജെ.പിയിലേക്കു ചേക്കേറുകയാണെന്ന വിശദീകരണവുമായി മറ്റൊരു ചിത്രവും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. മുങ്ങുന്ന കപ്പലില്‍ നിന്നു ചാടുന്ന അണികള്‍ക്ക് ബിജെപി കപ്പലില്‍ നിന്ന് ലൈഫ് ട്യൂബുകള്‍ എറിഞ്ഞുകൊടുക്കുന്ന ചിത്രവുമുണ്ട്. എന്നാല്‍ തുറമുഖ നഗരത്തിലേക്കു ശ്രദ്ധ ക്ഷണിക്കലാണു ലോഗോകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടി അനുഭാവികള്‍ വാദിക്കുന്നു. ലോഗോക്കെതിരായ പ്രചാരണത്തിന് എതിര്‍വാദവുമായി പാര്‍ട്ടി അണികളും സജീവമായിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :