13 കോടിയുടെ വമ്പന്‍ തട്ടിപ്പ്: ബിനോയിക്കെതിരെ പരാതിയുണ്ടെന്ന് ദുബായ് കമ്പനി - മകനെതിരെ കേസില്ലെന്ന് കോടിയേരി

13 കോടിയുടെ വമ്പന്‍ തട്ടിപ്പ്: ബിനോയിക്കെതിരെ പരാതിയുണ്ടെന്ന് ദുബായ് കമ്പനി

kodiyeri balakrishnan , Cpm , Binoyi , dubai , ബിനോയ് കോടിയേരി , കോടിയേരി ബാലകൃഷ്ണന്‍ , സിപിഎം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 24 ജനുവരി 2018 (15:02 IST)
ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ ബിനോയ് തന്നെ മറുപടി പറയും. മകനെതിരേ യാതൊരുവിധ പരാതിയുമില്ലെന്നും എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം. അതേസമയം, കമ്പനി നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നു.

ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ വ്യവസായ ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) ബിനോയ്ക്ക് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വിശദീകരണം.

വ്യവസായ ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുമ്പ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പണം കൈപ്പറ്റിയ ശേഷം ബിനോയ് ഒരു വർഷത്തിലേറെയായി ദുബായിൽ നിന്നും വിട്ടുനിൽക്കുകയാണ്. 2015 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ തന്റെ പങ്കാളി പലതവണ ബിനോയിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയാള്‍
നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ചെയ്‌തുവെന്നും കമ്പനിയുടെ പരാതിയില്‍ പറയുന്നു.


ഈ സാഹചര്യത്തില്‍ ബിനോയിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ബിനോയിക്കെതിരായ ആരോപണം ഒതുക്കി തീര്‍ക്കാന്‍ സംസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പരാതി നല്‍കിയ കമ്പനിയുടെ പ്രതിനിധി തിരുവനന്തപുരത്ത് എത്തിയതായും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :