വിദേശത്ത് പോകുന്നവർക്ക് രണ്ടാം ഡോസ് വാക്‌സിൻ നേരത്തെ നൽകും, പ്രത്യേക സർട്ടിഫിക്കറ്റ് നൽകും

അഭിറാം മനോഹർ| Last Modified വെള്ളി, 28 മെയ് 2021 (19:17 IST)
വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ നാല് മുതല്‍ ആറ് ആഴ്‌ച്ചയ്‌ക്കുള്ളിൽ നൽകാനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആരോഗ്യവകുപ്പ്മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

പല വിദേശരാജ്യങ്ങളും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവിൽ രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് എടുക്കാനാവുക. ഇത് വിദേശങ്ങളിൽ ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോർമാറ്റിലാകും നൽകുക.ഈ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറെയാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :