അഴിമതിക്കെതിരായ ഉറച്ച നിലപാടാണ് ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം തകരാന്‍ കാരണമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 7 ഫെബ്രുവരി 2016 (14:22 IST)
അഴിമതിക്കെതിരായ ഉറച്ച നിലപാടാണ് ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം തകരാന്‍ കാരണമെന്ന് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പ് നിലപാട് വ്യക്തമാക്കിയത്. 1994 ഒക്ടോബറിൽ ജീരകപ്പാറയിലെ വനം കൊള്ളക്കെതിരെ പ്രതികരിച്ചതിനാണ് തന്നെ 'എ' ഗ്രൂപ്പിൽ നിന്നും ഉമ്മൻ ചാണ്ടി പുറത്താക്കിയതെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

“അഴിമതിക്കെതിരായ എന്റെ ഉറച്ച നിലപാടാണ് കുട്ടിക്കാലം മുതലുള്ള ഉമ്മൻ ചാണ്ടിയുമായുള്ള ദീർഘകാല ബന്ധം തകരാനുള്ള മുഖ്യകാരണം. 1994 ഒക്ടോബറിൽ ജീരകപ്പാറയിലെ വനം കൊള്ളക്കെതിരെ പ്രതികരിച്ചതിന് എന്നെ 'എ' ഗ്രൂപ്പിൽ നിന്നും ഉമ്മൻ ചാണ്ടി പുറത്താക്കി. ജീരകപ്പാറയിലെ വനമേഖല സന്ദർശിച്ച ഞാൻ വനം കൊള്ളയെ പറ്റി അന്വേഷിക്കണമെന്ന് കോഴികോട് വെച്ച് ആവശ്യപ്പെട്ടിരുന്നു.

പിന്നീടു 'എ' ഗ്രൂപ്പ് ഉന്നതതല യോഗത്തിൽ ഞാൻ ഇക്കാര്യം ഉന്നയിച്ചപ്പോൾ വനം മന്ത്രി കെ പി വിശ്വനാഥൻ എന്നോട് കയർത്തു. ഉമ്മൻ ചാണ്ടി തുടർന്ന് സംസാരിക്കാൻ എന്നെ അനുവദിച്ചില്ല. എനിക്ക് ഇറങ്ങിപോകേണ്ടി വന്നു. അതിനു ശേഷം 'എ' ഗ്രൂപ്പിന്റെ ഒരു യോഗത്തിലും എന്നെ ഉമ്മൻ ചാണ്ടി ക്ഷണിച്ചിട്ടില്ല. അക്കാലം മുതൽ തന്നെ ഉമ്മൻ ചാണ്ടി അഴിമതിക്കാരായ ഒരു ഉപജാപക സംഘത്തിന്റെ തടവറയിലായിരുന്നു . എല്ലാ കാര്യങ്ങളും എ കെ ആന്റണിയെ പലപ്പോഴായി ധരിപ്പിച്ചെങ്കിലും അദ്ദേഹം നിസ്സഹായനായിരുന്നു.

ആന്റണി ദില്ലിയിൽ പോയത് മുതൽ പകരക്കാരനായി ഗ്രൂപ്പ് നേതാവായി മാറിയ ഉമ്മൻ ചാണ്ടിയെ പിണക്കാൻ ആന്റണി ഇഷ്ടപ്പെട്ടിരുന്നില്ല. ആന്റണിയുമായുള്ള വ്യക്തിബന്ധം ഞാൻ തുടർന്നെങ്കിലും 1994 മുതൽ കോണ്ഗ്രസ് വിടുന്ന 2001 വരെ ഒരു ഗ്രൂപ്പിലും ഉണ്ടായിരുന്നില്ല. ഒട്ടേറെ തിക്താനുഭവങ്ങൾ ഉണ്ടായെങ്കിലും ആറു വർഷം ദു;ഖം കടിച്ചമർത്തിയാണ് ജീവിച്ചത്. ആദ്യകാലങ്ങളിൽ എന്നെ ഏറെ പ്രോത്സാഹിപ്പിക്കുകയും രക്ഷകർതൃ സ്ഥാനം വഹിക്കുകയും ചെയ്തിരുന്ന ഉമ്മൻ ചാണ്ടിയെ തള്ളിപ്പറയാൻ മനസ് അനുവദിച്ചില്ല, ഒടുവിൽ, ആത്മാഭിമാനത്തിന് മുറിവേറ്റതു കൊണ്ടാണ് കോണ്ഗ്രസ് വിടുകയും പുതുപ്പള്ളിയിൽ മത്സരിക്കുകയും ചെയ്തത്. ഉമ്മൻ ചാണ്ടിക്ക് എന്നോടുള്ള ശത്രുതക്ക് കാരണം ഇപ്പോഴും പുറത്തു പറയാൻ ഇഷ്ടപ്പെടുന്നില്ല”.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :