കണ്‍സ്യൂമര്‍ ഫെഡ് വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു

കണ്‍സ്യൂമര്‍ ഫെഡ്, വിതരണ കേന്ദ്രങ്ങള്‍, സഹകരണ വകുപ്പ്
തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (11:41 IST)
സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വന്‍തുക വാടക നല്‍കി പ്രവര്‍ത്തിക്കുന്ന വിതരണ കേന്ദ്രങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. നാല് ജില്ലകളില്‍ നിന്നായി എട്ട് വിതരണ കേന്ദ്രങ്ങളും രണ്ട് ഗോഡൌണുകളുമാണ് പൂട്ടിയത്.

പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പരവൂര്‍, തൃശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരി, ചാലക്കുടി, തിരുവനന്തപുരം ജില്ലയിലെ പാറശാല, ബാലരാമപുരം, വെള്ളറട പാങ്ങോട് എന്നീ ത്രിവേണി സ്റ്റോറുകളും തൃശൂര്‍, ബാലരാമപുരം ഗോഡൌണുകളുമാണ് അടച്ചുപൂട്ടിയത്. ചാലക്കുടി ഗോഡൌണിനും ഉടന്‍ താഴ് വീഴുമെന്നാണ് വിവരം.

പൂട്ടിയ വിതരണ കേന്ദ്രത്തിലേയു, ഗോഡൌണുകളിലേയും ജീവനക്കാരേയും അവശേഷിക്കുന്ന സ്റ്റോക്കുകളും തൊട്ടടുത്ത വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി. പൂട്ടിയവയില്‍ പകുതിയും 50000 രൂപയ്ക്ക് മുകളില്‍ വാടക നല്‍കിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇവിടങ്ങളിലെ വിറ്റുവരവ് വെറും പതിനായിരം രൂ‍പമാത്രമാണുണ്ടായിരുന്നത്.

ഇതിനിടെ എംഡി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് വി രതീശന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി എന്നും വിവരമുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമില്ലാത്തതും അഴിമതി നടത്തിയതിന് എംഡി സസ്പെന്‍ഡ് ചെയ്ത പലരേയും ഡയറക്ടര്‍ ബോര്‍ഡ് ഇടപെട്ട് തിരിച്ചെടുത്തതും രതീശനെ അസ്വസ്ഥനാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ രതീശന്‍ തീരുമാനിച്ചത്.

എംഡി വി. രതീശന്റെ ഡപ്യൂട്ടേഷന്‍ ഈ മാസം 26ന് തീരും. ഡപ്യൂട്ടേഷന്‍ നീട്ടരുതെന്നും സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും വി. രതീശന്‍ മുഖ്യമന്ത്രിയേയും സഹകരണമന്ത്രിയേയും നേരിട്ട് അറിയിച്ചിട്ടുണ്ട്. വിജിലന്‍സ് കേസുകളെ തുടര്‍ന്ന് റിജി ജി. നായര്‍ രാജിവച്ച ഒഴിവിലാണ് രതീശന്‍ എത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :