കേരളം സമ്പൂർണ വൈദ്യുതീകരണത്തിലേക്ക്, സമയബന്ധിതമായി എല്ലാ വീടുകളിലും വെളിച്ചം എത്തിക്കുകയാണ് ദൗത്യമെന്ന് കടകംപള്ളി സുരേന്ദ്രൻ

ലക്ഷ്യം സമ്പൂർണ വൈദ്യുതീകരണമെന്ന് കടകംപ‌‌ള്ളി സുരേന്ദ്രൻ

തിരുവനന്തപുരം| aparna shaji| Last Updated: തിങ്കള്‍, 18 ജൂലൈ 2016 (15:35 IST)
സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2011ലെ കാനേഷുമാരി കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 94.4 ശതമാനം വീടുകളിലും വൈദ്യുതി എത്തി. 2006 - 2011 എൽ ഡി എഫിന്റെ ഭരണകാലത്ത് സർക്കാർ നടപ്പാക്കിയ സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് 94.4 ശതമാനം വീടുകളിലും വൈദ്യുതി ലഭ്യമാക്കിയത്. നിയമസഭയിൽ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.

പാർലമെന്റ് അംഗങ്ങളും, എം എൽ എമാരും, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഈ പദ്ധതി നടപ്പിലാക്കാൻ സഹായം നൽകിയിരുന്നു. സംസ്ഥാനത്തെ അസംബ്ലി മണ്ഡലങ്ങൾ അടിസ്ഥാനമാക്കിയാണ് സമ്പൂർണ വൈദ്യുതീകരണം അന്നു നടപ്പിലാക്കിയിരുന്നത്. അതിന്റെ ഭാഗമായി 2009 ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പാലക്കാടിനെ പ്രഖ്യാപിച്ചു. തുടർന്ന് തൃശൂർ, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളും സമ്പൂർണ വൈദ്യുതീകരണ ജില്ലയായി മാറി.

തുടർന്ന് വന്ന സർക്കാർ വൈദ്യുതീകരണ പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്രാവിഷ്കൃത പദ്ധതികളെ മാത്രം ആശ്രയിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ ഉപാധികളോടുകൂടിയുള്ള പദ്ധതികളെയായിരുന്നു അന്നത്തെ സർക്കാർ ആശ്രയിച്ചിരുന്നത്. അതിനാൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ളവരിലേക്ക് വൈദ്യുതി എത്തിക്കാൻ സർക്കാരിന് സാധിച്ചില്ല.

സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ ജീവിക്കുന്നവരുൾപ്പെടെ നമ്മുടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും സമയബന്ധിതമായി വൈദ്യുതി എത്തിക്കുക എന്ന മഹത്തായ ദൗത്യം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പ്രസ്താവിച്ചു. സംസ്ഥാനത്ത് 2.5 ലക്ഷം വീടുകളിൽ ഇനിയും വൈദ്യുതി എത്തിയിട്ടുണ്ടാകില്ല എന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

എല്ലായിടങ്ങളിലും സമയബന്ധിതമായി ലൈൻ നിർമിച്ച് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ കഴിയുന്ന നിലയിലല്ല വൈദ്യുതി ബോർഡ്. സാമ്പത്തിക ഞെരുക്കം കാരണം വൈദ്യുതി ബോർഡിന് അതിനു കഴിയുന്നില്ല. കെ സി ഇ ബിയുടെ തനത് ഫണ്ട്, കേന്ദ്രാവിഷ്കൃത ഫണ്ട്, എന്നിവ ഉൾപ്പെടുത്തി ഈ പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തും. പദ്ധതിയുടെ വികസനത്തിനായി എം എൽ എമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപികരിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

2017 മാർച്ച് മാസത്തോടെ സംസ്ഥാനത്തെ സമ്പൂർണ വൈദ്യുതീകരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സമയബന്ധിതമായി ഈ പദ്ധതി നടപ്പിലാക്കണമെങ്കിൽ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :