വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 13 ഡിസംബര്‍ 2020 (12:53 IST)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കാൻ കേന്ദ്രം ഭരിയ്ക്കുന്ന കക്ഷിയ്ക്ക് സഹായം നൽകക എന്നതല്ല അന്വേഷണ ഏജൻസികളുടെ ചുമതല എന്നും ഇത്തരം വഴിവിട്ട നീക്കങ്ങളെ നിയന്ത്രിയ്ക്കാനുള്ള ബാധ്യത പ്രധാനമന്ത്രിയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെന്നത് ഭരണഘടനാ സ്ഥാനമാണ്. ആ സ്ഥാനത്തിന് ഇത്തരത്തിലുള്ള വഴിവിട്ട നീക്കങ്ങളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. കേരളത്തിന്റെ അനുഭവം മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്
സ്വര്‍ണം കടത്തിയ പ്രതികള്‍ രക്ഷപ്പെട്ടാലും വേണ്ടില്ല സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കരിനിഴലില്‍ നിര്‍ത്തണമെന്ന ലക്ഷ്യത്തിലാണ് അന്വേഷണം. രഹസ്യമൊഴിയായി മജിസ്ട്രേട്ടിനു മുമ്ബാകെ നല്‍കിയെന്നു പറയപ്പെടുന്ന കാര്യങ്ങള്‍ ചില രാഷ്ട്രീയ നേതാക്കള്‍ പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെ മൊഴിയെടുക്കുമെന്നും ഈ നേതാക്കള്‍തന്നെയാണ് പ്രഖ്യാപിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് അവയുടേതായ ചട്ടക്കൂടുണ്ട്. നിയമാനുസൃതമായി തീരുമാനിക്കപ്പെട്ട ഉത്തരവാദിത്തങ്ങളാണ് നിറവേറ്റേണ്ടത്. അതിനു വിരുദ്ധമായാണ് കേന്ദ്രഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.